ദീപിക പദ്‌കോണിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ഛപക് മോഷണ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഛപക് ഒരുക്കിയിരിക്കുന്നത്.
തന്റെ തിരക്കഥ മോഷ്ടിച്ചാണ് ഛപക് ഒരുക്കിയതെന്ന അവകാശവാദവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതിയാണ് രംഗത്തെത്തിയിരിക്കുന്നത്. കോപ്പിറൈറ്റ് ലംഘനത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദീപികയ്ക്കും സംവിധായിക മേഘ്‌ന ഗുല്‍സാറിനെതിരെയും രാകേഷ് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കി. ജനുവരി പത്തിന് ഛപകിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിന് തൊട്ട് മുമ്പാണ് ചിത്രം ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മകനുമായി ചേര്‍ന്ന് സിനിമയാക്കാന്‍ താന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ല്‍ ‘ബ്ലാക്ക് ഡേ’ എന്ന പേരില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു. ഐശ്വര്യ റായ്, കങ്കണ റണൗട്ട്, എന്നിവരുമായി ഇതിനായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും രാകേഷ് വ്യക്തമാക്കുന്നു.
നിലവില്‍ ഛപകിന്റെ പിന്നണിയിലുള്ള ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, മ്രിഗ ഫിലിംസ് എന്നിവര്‍ക്ക് സ്‌ക്രിപ്റ്റിന്റെ പകര്‍പ്പ് താന്‍ നല്‍കിയിരുന്നുവെന്നും രാകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതുപയോഗിച്ച് ഛപക് എന്ന മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തതെന്നാണ് രാകേഷ് ആരോപിക്കുന്നത്.