ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ തീരുമാനമാകാതെ ഡബ്ല്യുടിഒ മന്ത്രിതല ഉച്ചകോടി പിരിഞ്ഞു

ബ്യൂണസ്‌ഐറിസ് : ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താനാകാതെ ലോകവ്യാപര സംഘടനയുടെ മന്ത്രിതല ഉച്ചകോടി പിരിഞ്ഞു. അമേരിക്കയുടെ നിലപാടാണ് ലോകം നേരിടുന്ന സുപ്രധാന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തടസ്സമായത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഉച്ചകോടിയുടെ പരാജയം കനത്ത നിരാശയായി.

നാലു ദിവസത്തെ മന്ത്രിതല ഉച്ചകോടി സംയുക്ത പ്രസ്താവനയോ വ്യക്തമായ തീരുമാനമോ പ്രഖ്യാപിക്കാതെ അലസിപ്പിരിയുകയായിരുന്നു. ചര്‍ച്ചയുടെ പുരോഗതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അര്‍ജന്റീന മന്ത്രി സുസന്ന മല്‍കോറ വാര്‍ത്താക്കുറിപ്പിലൊതുക്കി. ചര്‍ച്ച നടന്ന രീതിയില്‍ ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസിവിദോ നിരാശ പ്രകടിപ്പിച്ചു. അംഗ രാജ്യങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്താകെ 80 കോടി ജനങ്ങളെ ബാധിക്കുന്ന ഭക്ഷ്യസുരക്ഷാ പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, അമേരിക്ക പിന്നോട്ടു പോയതോടെ 164 അംഗ സംഘടനയ്ക്ക് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്താനായില്ല. വാണിജ്യവ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ജി33 കൂട്ടായ്മയുടെ ഭാഗമായി ഈ വിഷയത്തിന് സ്ഥായിയായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

ആഗോളവ്യാപാര ചട്ടപ്രകാരം ഡബ്ല്യുടിഒ അംഗ രാജ്യത്തിന്റെ ഭക്ഷ്യ സബ്‌സിഡി ബില്‍ ഉല്‍പ്പാദനത്തിന്റെ മൂല്യത്തിന്റെ 10 ശതമാനം അധികരിക്കരുതെന്നാണ് നിബന്ധന. 198688ലെ വില അടിസ്ഥാനമാക്കിയാണ് മൂല്യം നിശ്ചയിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി പൂര്‍ണമായി നടപ്പാക്കുമ്‌ബോള്‍ ഈ നിബന്ധന തടസ്സമാകുമെന്ന ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തുന്നത്.

Top