ചൈനയില്‍ നിന്നും തുടക്കം. ഇപ്പോള്‍ ലോകം മുഴുവന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആഗോള തലത്തില്‍ ആശങ്കയായി മാറുന്ന വുഹാനിലെ കൊറോണാവൈറസ് ഒരു മഹാമാരിയായി മാറുമെന്ന ആശങ്കയുമായി ലോകത്തിലെ മുന്‍നിര ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധര്‍.
ആഗോള തലത്തില്‍ തന്നെ കൊറോണ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയ്ക്ക് അകത്തേക്കും പുറത്തേക്കും യാത്രാ നിയന്ത്രണങ്ങളും, ഐസൊലേഷനും വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വൈറസ് പടരുന്നത് തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ കൊറോണാവൈറസ് എത്രത്തോളം അപകടകാരിയായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ക്കും ഇപ്പോള്‍ ഉറപ്പുപറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ എത്രത്തോളം നാശം വരുത്തുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നു.
വൈറസ് മനുഷ്യര്‍ക്കിടയില്‍ കൈമാറുന്നുവെന്ന കാര്യത്തില്‍ മാത്രമാണ് തീര്‍ച്ചയായിട്ടുള്ളത്. പകര്‍ച്ചപ്പനി പോലെയാണ് കൊറോണ വ്യാപിക്കുന്നത്. പെട്ടെന്ന് പടരുന്നുവെന്നതാണ് പുതിയ കൊറോണയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ചുരുങ്ങിയത് 23 രാജ്യങ്ങളില്‍ 17000ലേറെ പേരിലേക്ക് വൈറസ് എത്തിക്കഴിഞ്ഞത് കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ്.
യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷം പേരിലേക്കോ, അതിലേറെ ആളുകളിലേക്കോ വൈറസ് എത്തിച്ചേര്‍ന്നിരിക്കാമെന്നാണ് വിവിധ എപ്പിഡെമോളജിക്കല്‍ മോഡലുകള്‍ കണക്കാക്കുന്നത്. മുന്‍ഗാമികളായ സാര്‍സ്, മെര്‍സ് എന്നിവയേക്കാള്‍ വേഗത്തിലാണ് വുഹാന്‍ കൊറോണയുടെ കൈമാറ്റം. 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒന്‍പത് മാസം കൊണ്ട് 8098 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2012ല്‍ മെര്‍സ് പടര്‍ന്നുപിടിച്ചപ്പോള്‍ 2500 കേസുകളും സ്ഥിരീകരിച്ചു.