9ദിവസം കൊണ്ട് 25,000 ചതുരശ്രമീറ്ററില്‍ ആശുപത്രി; വൈറസ് ബാധിതര്‍ക്ക് താങ്ങായി സര്‍ക്കാര്‍

ബെയ്ജിങ്: കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ നിരവധി ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ രോഗികള്‍ നിരന്തരം മറ്റുള്ളവരുമായി ഇടപഴകുന്നതിനാല്‍ വൈറസ് കൂടുതല്‍ പേരിലേക്ക് പിടിപെടുന്ന സാഹചര്യവും നിലവിലുണ്ട്. അതേസമയം വൈറസ് ബാധിച്ചവരെ നിരീക്ഷിക്കാനുള്ള താല്‍കാലിക ആശുപത്രി ചൈനയില്‍ ഉയര്‍ന്നു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഇന്നലത്തോടെ പൂര്‍ത്തിയായി. വെറും 9 ദിവസം കൊണ്ടാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു.

അഞ്ഞൂറിലധികം തൊഴിലാളികള്‍ ചേര്‍ന്ന് 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ആയിരം കിടക്കകളാണ് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുറമെ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹ്യൂഷെന്‍ഷാന്‍ ആശുപത്രി കൂടാതെ 1,600 കിടക്കകളുള്ള മറ്റൊരു താല്‍ക്കാലിക ആശുപത്രി കൂടി നിര്‍മാണമാരംഭിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ ചൈനയില്‍ പൊട്ടിപുറപ്പെട്ടത് മുതല്‍ നിരവധി നെഗറ്റീവ് വാര്‍ത്തകളാണ് ചൈനീസ് ഭരണകൂടത്തിനെതിരെ ഉയര്‍ന്നിരുന്നത്. വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഭരണകൂടം തെറ്റായി രേഖപ്പെടുത്തുന്നു. വേണ്ട പരിചരണം നല്‍കുന്നില്ല തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴാണ് ഈ മാതൃകാപരമായ പ്രവൃത്തി എന്നുകൂടെ ഓര്‍ക്കണം.

Top