കൊറോണ; ചൈനയില്‍ 573 പേര്‍ക്കും ദക്ഷിണ കൊറിയയില്‍ 376 പേര്‍ക്കും സ്ഥിരീകരിച്ചു, വീണ്ടും ആശങ്ക

വുഹാന്‍: ഓരോ ദിവസവും കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. ചൈനയില്‍ കഴിഞ്ഞ ദിവസം 573 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 2870 ആയെന്നും ചൈനയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

ഹുബെ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം,ദക്ഷിണ കൊറിയയില്‍ 376 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. ചൈനയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്ന വൈറസ് കാരണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,000 കടന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് .

കഴിഞ്ഞ ദിവസങ്ങളിലായി ഏറെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ വലിയ മുന്‍ കരുതലാണ് ആരോഗ്യ വിഭാഗം നടപ്പാക്കുന്നത്. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളിലെ ചടങ്ങുകള്‍ നാമമാത്രമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഏറെ വിശ്വാസികളും ഓണ്‍ലൈനായാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. പല പള്ളികളും ചടങ്ങുകള്‍ റദ്ദാക്കി അടച്ചിട്ടു. 236 വര്‍ഷത്തെ ചരിത്രത്തിനിടക്ക് ആദ്യമായി 1700 ഓളം പള്ളികളിലെ കുര്‍ബാന റദ്ദാക്കാന്‍ ദക്ഷിണ കൊറിയന്‍ കാത്തലിക് ചര്‍ച്ച് തീരുമാനിച്ചത്.

അതേസമയം,തായ്‌ലന്റിലും അമേരിക്കയിലും കൊറോണ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ആയതിനാല്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top