ഡബ്ല്യു.വി രാമന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍

മുംബൈ : മുന്‍ ഓപണിംങ് ബാറ്റ്സ്മാന്‍ ഡബ്ല്യു.വി രാമനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി തെരഞ്ഞെടുത്തു. ഗാരി ക്രിസ്റ്റനും വെങ്കിടേഷ് പ്രസാദും അടക്കമുള്ളവരുടെ പട്ടികയില്‍ നിന്നാണ് രാമനെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന.

ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്.

മുന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയാണ് പരിശീലകനായി അഭിമുഖം നടത്തിയത്. ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് പരിശീലകനെ പ്രഖ്യാപിക്കുക.

പരിശീലന രംഗത്ത് മികച്ച പരിചയം രാമനുണ്ട്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനായിരുന്നു. ഇന്ത്യ എ ടീമിനും ദുലീപ് ട്രോഫി ടീമുകള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്.

11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡബ്ല്യുവി രാമന്‍. തമിഴ്നാട്ടുകാരനായ രാമന്‍ 1982 മുതല്‍ 1999 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുണ്ടായിരുന്നു.

Top