ബ്ലോക്ക് ചെയ്യാനോ, റിപ്പോര്‍ട്ടുചെയ്യാനോ കഴിയാത്ത പുതിയൊരു ക്ലിക്ക്‌ബൈറ്റി പരസ്യ ഫോര്‍മാറ്റ് പരീക്ഷിക്കുന്നതിനൊരുങ്ങി എക്‌സ് (മുമ്പ് ട്വിറ്റര്‍). എക്‌സ്-ലെ സാധാരണ പരസ്യങ്ങള്‍ ‘പരസ്യം (ഏഡ്)’ എന്ന ലേബല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ തരം പരസ്യങ്ങള്‍ മൊബൈല്‍ ആപ്പിലെ ഉപയോക്താക്കളുടെ ‘ഫോര്‍ യു’ ഫീഡിലാണ് ദൃശ്യമാവുന്നത്. അവ ലൈക് ചെയ്യാനോ, റീപോസ്റ്റ് ചെയ്യാനോ പോലും സാധിക്കുന്നില്ല. അതില്‍ അറിയാതെ ക്ലിക്ക് ചെയ്യുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു. നിലവാരം കുറഞ്ഞ ക്ലിക്ക്‌ബെയ്റ്റ് സൈറ്റുകളിലേക്കാണ് ആളുകളെ ഇത്തരം പരസ്യങ്ങള്‍ എത്തിക്കുന്നതെന്നും മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ആരാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പോലും മനസിലാകാത്ത ക്ലിക്ക്ബൈറ്റ് പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ സാധിക്കുന്നില്ല എന്നും യൂസര്‍മാര്‍ പരാതിപ്പെടുന്നുണ്ട്. ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം കമ്പനി ഏറ്റെടുത്തത് മുതല്‍ പരസ്യവരുമാനത്തിന്റെ കാര്യത്തില്‍ എക്സ് കാര്യമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
എക്‌സിന്റെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ പകുതിയും പ്ലാറ്റ്ഫോം വിട്ടിരുന്നു. മാത്രമല്ല, മീഡിയ മാറ്റേഴ്‌സില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മടങ്ങിയെത്തിയ പരസ്യദാതാക്കളാകട്ടെ മുമ്പത്തേതിനേക്കാള്‍ 90 ശതമാനം കുറവ് മാത്രമാണ് എക്‌സില്‍ ചെലവഴിക്കുന്നതും. അതുകൊണ്ട് തന്നെ ഏത് രീതിയിലും വരുമാനം കണ്ടെത്താനുള്ള എക്സിന്റെ ശ്രമമായാണ് പുതിയ ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങളുടെ വരവെന്നാണ് പലരും വിലയിരുത്തുന്നത്. 2024 ഓടെ കമ്പനി ലാഭത്തിലാകുമെന്ന് എക്സ് സി.ഇ.ഒ ലിന്‍ഡ യാക്കരിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.