വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി ഇലോണ്‍ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോം. പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനം ആണ് എക്സ് അവതരിപ്പിക്കുക. വ്യാജ അക്കൗണ്ട് തടയാന്‍ അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇസ്രായേല്‍ കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്‌സ് ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം എത്തിക്കുന്നത്. അതേസമയം ഐഡി വെരിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് എക്സില്‍ അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. എക്‌സില്‍ നിന്നുള്ള സേവനങ്ങളില്‍ ഇത്തരത്തിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രായമനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, സ്പാം അക്കൗണ്ടുകളില്‍ നിന്ന് സംരക്ഷണം നല്‍കുക, പ്ലാറ്റ്ഫോമിന്റെ സമഗ്രത നിലനിര്‍ത്തുന്നത് പോലുള്ള നടപടികളും ഉണ്ടാകുമെന്ന് എക്സ് അധികൃതര്‍ പറയുന്നു.