ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഈ സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സലോണ വിടുമെന്ന് പ്രഖ്യാപിച്ച് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സാവി ക്ലബ് വിടുന്നത്. വിയ്യാറയലിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്‌സയുടെ മുന്‍ താരം കൂടിയായ സാവിയുടെ പ്രഖ്യാപനം.
2021 നവംബറിലാണ് ബാഴ്‌സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്‌സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് കറ്റാലിയന്‍ സംഘം. 1998 മുതല്‍ 2015 വരെ സാവി ബാഴ്‌സയില്‍ കളിച്ചിരുന്നു. ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് സാവി ഹെര്‍ണാണ്ടസ്.
ഒരു ബാഴ്‌സലോണ ആരാധകന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യം തുടരാന്‍ താന്‍ അനുവദിക്കില്ല. മാറ്റങ്ങള്‍ ഉണ്ടാകണം. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ബാഴ്‌സ വിടുന്നത്. പരിശീലക സ്ഥാനം നിര്‍ണായകമാണ്. ആ ബഹുമാനം ലഭിക്കാതിരിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഇത് തന്റെ മാനസിക കരുത്ത് തകര്‍ക്കുന്നതായും സാവി വ്യക്തമാക്കി.