എസ്പന്യോളിനെതിരെ തന്ത്രങ്ങൾക്ക് ‘ചാവി’ കൊടുക്കും

ബാര്‍സിലോനയുടെ വസന്തകാലത്തു ടീമിന്റെ ബുദ്ധികേന്ദ്രവും പ്ലേമേക്കറും ക്യാപ്റ്റനുമായിരുന്ന സേവ്യര്‍ ഹെര്‍ണാണ്ടസ് എന്ന ചാവി ഇനി ക്ലബ്ബിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനു ചുക്കാന്‍ പിടിക്കും. റൊണാള്‍ഡ് കൂമാനു പകരം പുതിയ പരിശീലകനായി നാല്‍പത്തൊന്നുകാരന്‍ ചാവിയെ നിയമിച്ചതായി ബാര്‍സിലോന ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.

ഖത്തര്‍ ക്ലബ് അല്‍ സദുമായുള്ള കരാര്‍ കാലാവധി അവസാനിക്കാത്തതിനാല്‍ നഷ്ടപരിഹാരത്തുക നല്‍കിയാണു കാറ്റലൂനിയന്‍ ക്ലബ് അവരുടെ ഇതിഹാസ താരത്തെ മടക്കിക്കൊണ്ടുവരുന്നത്. 20ന് എസ്പന്യോളിനെതിരായ മത്സരത്തില്‍ ചാവി പരിശീലകനായി അരങ്ങേറും. അതുവരെ സെര്‍ജി ബര്‍ജുവാന്‍ ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി തുടരും. തിങ്കളാഴ്ച ചാവിയെ ആരാധകര്‍ക്കു മുന്നില്‍ ക്ലബ് അവതരിപ്പിക്കും.

‘നൂകാംപ് എക്കാലത്തും എന്റെ വീടാണ്. നിങ്ങളാണ് എന്റെ ആരാധകര്‍. എന്റെ കുടുംബവും പ്രിയപ്പെട്ട ക്ലബ്ബും ഇതാണ്. ഞാനിതാ മടങ്ങി വരുന്നു. നമുക്ക് ഉടന്‍ കാണാം’- വിഡിയോ സന്ദേശത്തില്‍ ആരാധകരോടായി ചാവി പറഞ്ഞു.

 

Top