ബാർസിലോന പരിശീലകനായി ചാവി ഹെർണാണ്ടസിനു വിജയത്തുടക്കം

ബാർസിലോന : എഫ്സി ബാർസിലോന പരിശീലകനായി ചാവി ഹെർണാണ്ടസിനു വിജയത്തുടക്കം. സ്പാനിഷ് ലീഗ് ഫുട്ബോളിൽ എസ്പന്യോളിനെ 1–0നു തോൽപിക്കാൻ ബാർസയ്ക്കു പെനൽറ്റി ഗോൾ വേണ്ടി വന്നെന്നു മാത്രം. 48–ാം മിനിറ്റിൽ കിട്ടിയ കിക്ക് ഡച്ച് താരം മെംഫിസ് ഡിപായി ഗോളിലെത്തിച്ചു. പതിവു പോലെ കൂടുതൽ പന്തവകാശം നിലനിർത്തിയിട്ടും കളിയിൽ ഗോളവസരങ്ങൾ തുറന്നെടുക്കാൻ ബാർസയ്ക്കായില്ല. അവസാന നിമിഷങ്ങളിൽ പ്രതിരോധം പാളുകയും ചെയ്തു.

പതിനേഴുകാരൻ സ്പാനിഷ് ഫോർവേഡ് ഇലിയാസ് അകോമാഷിനു ചാവി അരങ്ങേറ്റത്തിന് അവസരം നൽകി. മുക്കാൽ ലക്ഷത്തോളം കാണികളാണു ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ നൂകാംപിൽ മത്സരം കാണാനെത്തിയത്. 13 കളികളിൽ 20 പോയിന്റുമായി ബാർസ 6–ാം സ്ഥാനത്തേക്കു കയറി. അലാവസിനെതിരെ അവസാന മിനിറ്റിൽ ഇവാൻ റാകിട്ടിച്ച് നേടിയ ഗോളിൽ 2–2 സമനില പിടിച്ച സെവിയ്യയാണ് ഒന്നാമത്. റയൽ സോസിദാദ്, റയൽ മഡ്രിഡ് എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒസാസൂനയെ 1–0നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡ് 4–ാം സ്ഥാനത്തുണ്ട്.

Top