ബെയ്ജിങ്: ബെയ്ജിങിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയും ആശുപത്രിയും സന്ദര്‍ശിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ആയിരത്തോളം പേര്‍ മരിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ വിജയിക്കാനുള്ള രാജ്യത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടെന്ന് ജനങ്ങളോടും ആരോഗ്യപ്രവര്‍ത്തകരോടും ഷി ചിന്‍പിങ്
പറഞ്ഞു.
കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന മെഡിക്കല്‍ ഡിറ്റാന്‍ ആശുപത്രിയും പ്രസിഡന്റ് സന്ദര്‍ശിച്ചു. നിരീക്ഷണ വാര്‍ഡുകളില്‍ക്കഴിഞ്ഞു വരുന്ന രോഗികളുമായും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും മറ്റ് ആരോഗ്യ പ്രവര്‍ത്തുകരുമായും അദ്ദേഹം സംസാരിച്ചു.
രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ആരോഗ്യ പ്രവര്‍ത്തകരുമായി അദ്ദേഹം വീഡിയോ കോളിലൂടെ സംസാരിച്ചു. വൈറസിനെ തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ നടന്നുവരുന്നതായി ഷി ചിന്‍പിങ് അറിയിച്ചു. എന്നാല്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ മരണസംഖ്യ ആയിരം കടന്നു. ആഗോള തലത്തിലെ മരണങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ തന്നെയാണ്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 103 പേരാണ് മരിച്ചത്. ഡിസംബറില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 24 മണിക്കൂറില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലെ റെക്കോര്‍ഡാണ് ഈ മരണസംഖ്യ.