വീണ്ടും മലക്കം മറിഞ്ഞ് ചൈനയുടെ നീക്കം, അയൽ രാജ്യങ്ങളുമായി ചർച്ചക്ക് തയ്യാറെന്ന്

ബെയ്ജിങ്: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയ്യാറെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്.

ഭീകരതയടക്കമുള്ള വിവിധ ഭീഷണികള്‍ക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങള്‍ക്കു തയാറാണെന്നും ചിന്‍പിങ് പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോഴായിരുന്നു ചിന്‍പിങിന്റെ പ്രതികരണം.

അതേസമയം ദോക് ലാമില്‍ ഇന്ത്യയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ നിലപാടെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ വിവിധ രാഷ്ട്രങ്ങളുമായി സമുദ്രാതിര്‍ത്തിയുടെ കാര്യത്തിലും ചൈനയ്ക്ക് തര്‍ക്കങ്ങളുണ്ട്.

തന്റെ നേതൃത്വത്തില്‍ ചൈന മികച്ച വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും രാജ്യം ഇനിയും മുന്നോട്ടു പോകും. പാര്‍ട്ടിയിലും ജനങ്ങളിലും സൈന്യത്തിലും മുമ്പത്തേതിനെക്കാളും നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചൈന മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്നും പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണെന്ന് ചിന്‍പിങ് ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരായ പോരാട്ടം എപ്പോഴുമുണ്ടാകും. അഴിമതിയോടു പാര്‍ട്ടിയിലും ഭരണതലത്തിലും സഹിഷ്ണുത ഉണ്ടാകില്ല. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ചിന്‍പിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top