ബെയ്ജിങ്: ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്റാകാന്‍ വഴിയൊരുങ്ങുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയില്‍ കൂടുതല്‍ പദവിയില്‍ തുടരാനാവില്ലെന്നുള്ള നിലവിലെ ചട്ടം എടുത്തുകളയുന്നതിനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശിപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചതോടെയാണ് ഇത്.
ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാത്തപ്പോള്‍ തന്നെ ഈയൊരു സൂചനകള്‍ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നിരുന്നു. ഷിയുടെ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങ്ങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയേപ്പോലെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ഒരുങ്ങുന്നത്.
പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനമാണ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് ശ്രദ്ധേയമായത് ഷീ ജിന്‍പിങ്ങിന് മരണംവരെ ചൈനീസ് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ വഴിയൊരുക്കുന്ന സമ്മേളനം എന്ന നിലയ്ക്കാണ്. ചൈനയിലെ ഏറ്റവും ശക്തമായ നിയമനിര്‍മാണ സഭയാണ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്.
കഴിഞ്ഞ ഫെബ്രവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കയച്ചത്. ഭരണഘടനാ ഭേദഗതിക്ക് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. നിലവില്‍ ഇക്കാര്യത്തില്‍ തടസമില്ലാതെ ഭേദഗതി സാധ്യമാകുമെന്നാണ് കരുതുന്നത്.