ഷി ചിന്‍പിങ്- മോദി കൂടിക്കാഴ്ച എന്താകും ? ആശങ്കയോടെ ഉറ്റുനോക്കി പാക്കിസ്ഥാന്‍

ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ആശങ്കയോടെ വീക്ഷിച്ച് പാക്ക് ഭരണകൂടം. ചൈനയുടെ പ്രധാന സഖ്യകക്ഷിയായിട്ടും ജമ്മു കശ്മീരിലെ ഇന്ത്യന്‍ നടപടിക്കെതിരെ ചൈന നിലപാട് കടുപ്പിക്കാത്തതാണ് പാക്കിസ്ഥാനെ അസ്വസ്ഥരാക്കുന്നത്.

വിഷയത്തില്‍ പാക്കിസ്ഥാന്‍ യു.എന്‍ രക്ഷാസമിതിയില്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയപ്പോഴും ചൈന കൈവിട്ട കളിക്ക് മുതിര്‍ന്നിരുന്നില്ല. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനെ എതിര്‍ക്കുമ്പോഴും ഇന്ത്യയുമായി ഒരു സംഘര്‍ഷത്തിലേക്ക് പോകാന്‍ ചൈന ഇതുവരെ താല്‍പ്പര്യപ്പെട്ടിട്ടില്ല.

ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതും പാരയാകുമോ എന്ന ഭയത്തിലാണിപ്പോള്‍ പാക്കിസ്ഥാന്‍. ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ നടക്കുന്ന അനൗദ്യോഗികമായ രണ്ടാമത്തെ ഉച്ചകോടിയാണ് ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്നത്.

ഈ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം പ്രധാന ചര്‍ച്ചയല്ലന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിങ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. കശ്മീര്‍ വിഷയം അജണ്ടയിലുണ്ടോ എന്ന കാര്യത്തില്‍ പോലും ഉറപ്പില്ലന്നാണ് അദ്ദേഹം പറയുന്നത്. എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് തീരുമാനിക്കാന്‍ ഇരു നേതാക്കള്‍ക്കും സമയം നല്‍കണമെന്ന അഭിപ്രായമാണ് ഹുവാ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയെ ആക്രമിക്കും ആണവായുധം പ്രയോഗിക്കും എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ പ്രതികരണം. പാക്കിസ്ഥാനു വേണ്ടി ഇന്ത്യയെ പിണക്കാന്‍ തയ്യാറല്ലന്ന സന്ദേശമായാണ് ചൈനയുടെ നിലപാടിനെ നയതന്ത്ര വിദഗ്ദരും നോക്കി കാണുന്നത്.

ചൈനയെ പോലും പൂര്‍ണ്ണമായും കൂടെ നിര്‍ത്താന്‍ കഴിയാത്തത് പാക്ക് ഭരണകൂടത്തിന്റെ കഴിവുകേടായി ഇപ്പോള്‍ തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി പാക്ക് സൈനിക തലപ്പത്തും പ്രകടമാണ്. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചാര സംഘടനയായ ഐ.എസ്.ഐയും കടുത്ത രോഷത്തിലാണ്.

കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ മാത്രമല്ല അറബ് രാജ്യങ്ങളുടെ പോലും പിന്തുണ നേടാന്‍ കഴിയാത്തതാണ് ഐ.എസ്.ഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈന കൈവിട്ടാല്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യ ആക്രമിച്ച് കൈവശപ്പെടുത്തുമെന്ന മുന്നറിയിപ്പ് ഐ.എസ്.ഐ പാക്ക് സൈനിക നേതൃത്വത്തിനും നല്‍കിയിട്ടുണ്ട്.

ഹോങ്കോങ്ങില്‍ അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ പോലും ചൈനയെ പ്രതിരോധത്തിലാക്കുന്നതിനുള്ള തന്ത്രമുണ്ടെന്നാണ് പാക്കിസ്ഥാന്‍ സംശയിക്കുന്നത്. ഇതാണ് ഒരു പരിധിവരെ ചൈനയെ കശ്മീര്‍ വിഷയത്തില്‍ പിറകോട്ടടിപ്പിക്കുന്നതെന്നാണ് വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കു വയ്ക്കുന്നത്. അതില്‍ പ്രധാനം അമേരിക്കയുമായി നടക്കുന്ന വാണിജ്യ യുദ്ധമാണ്.

സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ഇടപെട്ടതു പോലെ അമേരിക്ക ചൈനയെ തകര്‍ക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ഒരു യുദ്ധത്തിലൂടെ ഈ നടപടി സാധ്യമാകില്ലന്ന് കണ്ടാണ് മറ്റു മാര്‍ഗ്ഗങ്ങള്‍ അമേരിക്ക പരീക്ഷിക്കുന്നത്. ഇത് ശരിക്കും അറിയാവുന്നത് കൊണ്ട് തന്നെ തന്ത്രപരമായാണ് ചൈനയും ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യ ,അമേരിക്കക്ക് താവളമൊരുക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് ചൈന ആഗ്രഹിക്കുന്നത്.

ലോകത്തെ പ്രധാന വിപണിയായ ഇന്ത്യയെ കൈവിടാനും ചൈനക്ക് അത്ര പെട്ടന്ന് കഴിയുന്നതല്ല. ഇതിനെല്ലാം പുറമെ റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പവും ചൈനയെ പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്. ഇറാന്‍ വിഷയത്തിലടക്കം അമേരിക്കക്ക് എതിരെ ഒരേ നിലപാടാണ് റഷ്യയും ചൈനയും നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കക്ക് എതിരായി ഒപ്പം നില്‍ക്കുന്ന റഷ്യയെ പിണക്കാന്‍ ചൈന ഒരിക്കലും തയ്യാറാവുകയില്ല.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ അനവധി വര്‍ഷങ്ങളായി ഒരു വെടിയുണ്ട പോലും രണ്ട് രാജ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദോക് ലാമില്‍ സംഘര്‍ഷം മൂര്‍ച്ചിച്ച സമയത്ത് പോലും സമാധാനപരമായ ഒരു പരിഹാരത്തിന് ഇരു രാജ്യങ്ങള്‍ക്കും സാധ്യമായിരുന്നു.

റഷ്യയാവട്ടെ തങ്ങളുടെ തന്ത്രപ്രധാനിയായ പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതും. ഇന്ത്യക്കെതിരായ ഏത് നീക്കത്തെയും ചെറുക്കാന്‍ ബാധ്യസ്ഥരാണ് തങ്ങളെന്ന നിലപാടിലാണ് റഷ്യന്‍ സേനയും. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ ഇരു രാജ്യങ്ങളുമായുള്ള അടുത്ത ബന്ധമാണ് ഇപ്പോഴും ശക്തമായി തുടരുന്നത്.

റഷ്യയുടെ ശക്തമായ ഈ പിന്തുണയാണ് ദോക് ലാമില്‍ പോലും വിട്ടുവീഴ്ചക്ക് ചൈനയെ പ്രേരിപ്പിച്ചിരുന്നത്. റഷ്യ – ഇന്ത്യ – ചൈന സഖ്യം ഭാവിയിലെങ്കിലും വരരുതെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കയാണ്.ഇത്തരമൊരു സഖ്യം സാധ്യമായാല്‍ തങ്ങളുടെ അപ്രമാധിത്യം അവസാനിക്കുമെന്ന് നന്നായി അറിയുന്നതും അമേരിക്കക്ക് തന്നെയാണ്. ഇപ്പോള്‍ തന്നെ ലോക പൊലീസ് ചമയുന്നതിന് വലിയ തിരിച്ചടിയാണ് അമേരിക്കക്ക് ലഭിക്കുന്നത്. ഉത്തര കൊറിയ വിഷയത്തില്‍ നാണം കെട്ട അമേരിക്ക ഇറാന്‍ വിഷയത്തിലും വലിയ സമര്‍ദ്ദത്തിലാണുള്ളത്.

ലോക ശാക്തിക ചേരിയില്‍ ഇനിയും എന്ത് മാറ്റമുണ്ടായാലും അത് ആത്യന്തികമായി ഇന്ത്യക്ക് തന്നെയാണ് ഗുണം ചെയ്യാന്‍ സാധ്യത. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ സ്ഥാനം നിലവില്‍ ഉയര്‍ന്ന നിലയിലാണുള്ളത്. അമേരിക്കയും റഷ്യയും ഒരു പോലെ കശ്മീര്‍ വിഷയത്തില്‍ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത് തന്നെ ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ലോകം വിലയിരുത്തുന്നത്.

Staff Reporter

Top