പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്.

രണ്ട് ചൈനീസ് പൗരന്മാര്‍ ബലൂചിസ്താനില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നവാസ് ഷെരീഫിനെ ഷീ ജിങ് പിങ് ഒഴിവാക്കിയതെന്നാണ് സൂചന.

എസ്.സി.ഒ ഉച്ചകോടിക്കിടെ കസാഖിസ്ഥാന്‍, ഉസ്ബക്കിസ്താന്‍, അഫ്ഗാനിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി മാത്രം കൂടിക്കാഴ്ച നടത്തിയ ഷെരീഫ് രാജ്യത്ത് മടങ്ങിയെത്തി.

അതേസമയം ഷീ ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താതിരുന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളുമായി ഷീ ജിങ് പിങ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ചൈനീസ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.

രണ്ട് ചൈനീസ് പൗരന്മാരെ ബലൂചിസ്താനിലെ ക്വറ്റയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ ചൈനയില്‍ ഉയര്‍ന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഷീ ജിങ് പിങ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ ക്രൂരമായി കൊലചെയ്തു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ എസ്.സി.ഒ ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് പുറത്തുവന്നത്. അതിനിടെ, രണ്ട് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ ബാധിക്കില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.

Top