ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഈ വര്‍ഷം രണ്ട് ബില്ല്യണ്‍ ഡോളറിന്റെ വരുമാനം നേടിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷവോമി.
2016ല്‍ നേടിയെടുത്ത വരുമാനത്തിന്റെ ഇരട്ടിയാണ് കമ്പനി കണ്ണുവയ്ക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയിലൂടെ മാത്രം ഈ വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഷവോമി ഇന്ത്യയുടെ മേധാവി മനു ജെയിന്‍ പറഞ്ഞു. മാത്രമല്ല രാജ്യത്ത് ഒരു ബ്രാന്‍ഡ് നിര്‍മിച്ചെടുക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ 2017ന്റെ ആദ്യപകുതിയില്‍ 328 ശതമാനം വളര്‍ച്ചയാണ് ഷവോമി നേടിയിട്ടുള്ളത്.
റെഡ്മി നോട്ട് 4, റെഡ്മി 4 എ, റെഡ്മി 4 എന്നീ ഉല്‍പ്പന്നങ്ങളാണ് ഷവോമിയുടെ വളര്‍ച്ചയെ നയിക്കുന്നതെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒരു ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് കമ്പനി നേടിയെടുത്തിട്ടുള്ളത്.
2017ലെ ജനുവരി മാര്‍ച്ച് പാദത്തില്‍ 14.2 ശതമാനം വിപണിവിഹിതവും ഷവോമിക്കുണ്ടെന്ന് റിസര്‍ച്ച് സ്ഥാപനമായ ഐഡിസി വ്യക്തമാക്കി. റീട്ടെയ്ല്‍ സര്‍വീസ് രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടിയാണ് കമ്പനിയിപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം തുടക്കത്തില്‍ 225 സര്‍വീസ് സെന്ററുകള്‍ മാത്രമുണ്ടായിരുന്ന ഷവോമി ഇന്ത്യയ്ക്കിപ്പോള്‍ 500 സര്‍വീസ് സെന്ററുകളുണ്ട്.
കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായുള്ള മി ഹോംസ് കമ്പനിയും ആരംഭിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ബെംഗളൂരില്‍ ആയിരുന്നു ആദ്യത്തെ മി ഹോം കമ്പനി ആരംഭിച്ചത്.
ഇത്തരത്തിലുള്ള 100 സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അടുത്ത സ്റ്റോറും ഈ മാസത്തിനുള്ളില്‍ ബെംഗളൂരുവില്‍ ആരംഭിക്കുമെന്നാണ് ജെയിന്‍ പറഞ്ഞത്. ഈ പാദത്തില്‍ തന്നെ മുംബൈ, ഡെല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മി ഹോം ആരംഭിക്കുമെന്നും ജെയിന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ സാംസംഗ്, ലെനോവൊ, വിവോ, ഒപ്പോ എന്നീ ഫോണുകളോടാണ് ഷവോമി മത്സരിക്കുന്നത്. അടുത്തിടെ 16,999 രൂപ വില മതിക്കുന്ന മി മാക്‌സ് 2 എന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
ഇതിനോടകം മൂന്നു മില്ല്യണ്‍ യൂണിറ്റ് മി മാക്‌സ് ഫോണുകളാണ് ആഗോളതലത്തില്‍ കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളത്. മി മാക്‌സ് 2 ഈ സംഖ്യയേയും കടത്തിവെട്ടുമെന്നാണ് അധികൃതര്‍ കരുതുന്നത്.