ഈ പോക്കു പോയാല്‍ പ്രതിപക്ഷത്തിന് ഇനി ആന്ധ്ര ഭരണം കണി കാണാന്‍ പോലും കിട്ടില്ല

വൈ.എസ്.ആറിന്റെ വഴിയില്‍ ആന്ധ്രയുടെ ജനകീയ മുഖ്യമന്ത്രിയായി മകന്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡിയുടെ കുതിപ്പ്. സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ആദിവാസി, ദലിത്, പിന്നാക്ക, ന്യൂനപക്ഷ, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നായി അഞ്ച് ഉപമുഖ്യമന്ത്രിമാരെയാണ് നിയോഗിക്കുന്നത്. രണ്ടര വര്‍ഷത്തിനു ശേഷം മന്ത്രിസഭ പുനസംഘടനയും ജഗന്‍മോഹന്‍ റെഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിമാരും പരീക്ഷിക്കാത്ത നീക്കങ്ങളിലൂടെയാണ് ജഗന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുന്നത്.

എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷം, കാപു വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാര്‍. ജനങ്ങളുടെ പ്രശ്നത്തെ ശ്രദ്ധയോടെ എല്ലാ എം.എല്‍.എമാരും കൈകാര്യം ചെയ്യണമെന്നും നിയമസഭ കക്ഷി യോഗത്തില്‍ ജഗന്‍മോഹന്‍ റെഡി വ്യക്തമാക്കി.

അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കിയും ചരിത്രം കുറിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി. പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മേകതോടി സുചരിതയാണ് ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുചരിത ഉള്‍പ്പടെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

2014 ല്‍ തെലങ്കാന വേര്‍പിരിഞ്ഞതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിതാ ആഭ്യന്തര മന്ത്രി ഉണ്ടാവുന്നത്. നേരത്തെ ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ആഭ്യന്തരമന്ത്രിയെ നിയമിക്കുന്നത്. നിലവില്‍ ടി.ആര്‍.എസ് എം.എല്‍.എയായ പി. സബിത ഇന്ദ്ര റെഡ്ഡിയാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്നത്. പ്രധാന വകുപ്പുകളായ ധനകാര്യം, ആസൂത്രണം, നിയമകാര്യം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി മുതിര്‍ന്ന എം.എല്‍.എ ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡിയും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സുചരിത ഉള്‍പ്പടെ മൂന്ന് വനിതാ മന്ത്രിമാരാണ് ജഗന്‍ മന്ത്രിസഭയില്‍ ഉള്ളത്.

ആന്ധ്രാ നിയമസഭയില്‍ 175 സീറ്റില്‍ 151 സീറ്റുകളിലും വിജയിച്ചാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരം നേടിയത്. തെലുങ്കുദേശം പാര്‍ട്ടിയുടെ കോട്ടയായിരുന്ന ആന്ധ്രയില്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചാണ് ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡി കോണ്‍ഗ്രസിനുവേണ്ടി ഭരണം പിടിച്ചിരുന്നത്.

കത്തുന്ന വെയിലില്‍ മൂന്നു മാസം 1,475 കിലോ മീറ്റര്‍ ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തി ജനങ്ങളുമായി സംവദിച്ചാണ് വൈ.എസ്.ആര്‍ തെലുങ്കുദേശത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആറിന്റെ നേതൃത്വം കൊണ്ട് ആന്ധ്രയില്‍ നിന്നും ലഭിച്ച 30 സീറ്റിന്റെ കരുത്തിലാണ് വാജ്പേയി സര്‍ക്കാരിനെ ഇറക്കി കോണ്‍ഗ്രസിന്റെ ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റിരുന്നത്.

മുഖ്യമന്ത്രിയായതു മുതല്‍ പദയാത്രയിലൂടെ മനസിലാക്കിയ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വൈ.എസ്.ആര്‍ ശ്രമിച്ചത്. ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരവും കണ്ടു. വൈ.എസ്.ആര്‍ ആന്ധ്രയില്‍ വിജയകരമായി നടപ്പാക്കിയ ജനസമ്പര്‍ക്ക പരിപാടിയാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി പിന്നീട് നടപ്പാക്കിയത്.

ജനങ്ങള്‍ക്കൊപ്പം നിന്ന വൈ.എസ്.ആര്‍ 2009തില്‍ വീണ്ടും ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ലോക്സഭയിലേക്ക് 33 സീറ്റും ആന്ധ്രയില്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചു. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ മന്‍മോഹന്‍സിങിന് രണ്ടാം തവണയും പ്രധാനമന്ത്രിയാവാന്‍ തുണയായത് ആന്ധ്രയിലെ ഈ തകര്‍പ്പന്‍ വിജയമായിരുന്നു. 2009 സെപ്തംബര്‍ രണ്ടിനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈ.എസ്.ആര്‍ കൊല്ലപ്പെട്ടത്. വൈ.എസ്.ആറിന്റെ മരണവാര്‍ത്ത താങ്ങാനാകാതെ 122 പേരാണ് ആന്ധ്രയില്‍ ജീവന്‍ വെടിഞ്ഞിരുന്നത്.

വൈ.എസ്.ആറിനു പകരക്കാരനായി ജഗന്‍മോഹന്‍ റെഡിക്കു പകരം ധനമന്ത്രി കെ. റോസയ്യയെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി അവരോധിച്ചത്. വൈ.എസ്.ആറിന്റെ മരണത്തില്‍ മനംനൊന്ത് ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനായി ജഗന്‍മോഹന്‍ റെഡി ഒദര്‍പ്പു യാത്ര നടത്തിയിരുന്നു. ഈ യാത്ര നിര്‍ത്തി വയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തന്റെ പിതാവിനോടുള്ള കടമയായി ജഗന്‍ യാത്ര തുടരുകയായിരുന്നു.

ജനകീയ യാത്രയോടെ ജഗന്‍മോഹന്‍ റെഡി ആന്ധ്രയിലെ ജനസമ്മതിയുള്ള നേതാവായി മാറി. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ഇടഞ്ഞ ജഗന്‍മോഹന്‍ റെഡി 2011 ഫെബ്രുവരി 16ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. വൈ.എസ്.ആറിനെ സ്നേഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയും ചെയ്തു.

ആന്ധ്ര വിഭജനത്തിനു ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും കോണ്‍ഗ്രസ് തകര്‍ടിഞ്ഞു. ടി.ഡി.പി 16 സീറ്റുകളും ടി.ആര്‍.എസ് 11 സീറ്റുകളും നേടിയപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളുമായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബി.ജെ.പി മൂന്നു സീറ്റുകള്‍ നേടിയപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഒരു സീറ്റ് നിലനിര്‍ത്തുകയായിരുന്നു. വിഭജനം ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് നഷ്ട കച്ചവടമായിരുന്നു.

2019തിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാണ് ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 22 സീറ്റുകളിലും വിജയിച്ചത്. തെലങ്കാനയില്‍ നേട്ടമുണ്ടാക്കിയത് ടിആര്‍എസ് ആയിരുന്നു. ടി.ഡി.പി കേവലം മൂന്നു സീറ്റുകളില്‍ ഒതുങ്ങി. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒറ്റ സീറ്റുപോലും ലഭിച്ചില്ല. ചന്ദ്രബാബു നായിഡുവില്‍ നിന്നും ആന്ധ്ര ഭരണവും മൃഗീയ ഭൂരിപക്ഷത്തോടെയാണ് ജഗന്‍മോഹന്‍ റെഡി സ്വന്തമാക്കിയത്. പിതാവിനെ പോലെ ജനഹിതം മാനിച്ചുള്ള ഭരണത്തിലൂടെ ആന്ധ്രയില്‍ രണ്ടാമൂഴമാണ് ജഗന്‍മോഹന്‍ റെഡി സ്വപ്നം കാണുന്നത്. ഈ പോക്കു പോയാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ച് ആന്ധ്ര ഇനി കിട്ടാക്കനിയായി മാറാനാണ് സാധ്യത.

Top