കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപെ കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ എട്ടിനും പത്തിനുമിടയിലായി ഒഡീഷ തീരം തൊടും. അതിതീവ്ര ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറില്‍ 290 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളായ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം പൂര്‍ത്തിയായി. ഒന്‍പത് ലക്ഷം പേരെ ബംഗാളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂര്‍ മുമ്പും ശേഷവും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്.ഒഡിഷയില്‍ ഭദ്രക് ജില്ലയിലെ ധര്‍മ തുറമുഖത്തിന് സമീപം ബുധനാഴ്ച രാവിലെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇവിടെനിന്നാണ് കൂടുതല്‍ പേരെ മാറ്റിയത്. ബുധനാഴ്ച രാവിലെ ഭദ്രാക്ക് ജില്ലയിലെ ധാമ്ര തുറമുഖത്തിന് സമീപം യാസ് നിലംതൊട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപകട സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ 74,000ത്തിലധികം ഓഫീസര്‍മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു.
ആന്ധ്രപ്രദേശില്‍ മൂന്ന് ജില്ലയില്‍ അതീവജാഗ്രത. പല സംസ്ഥാനങ്ങളിലും നല്ല മഴ പെയ്യാന്‍ സാധ്യത. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലും മറ്റും മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. യാസ് ബുധനാഴ്ച ഒഡിഷ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ യാസ് ചുഴലിക്കാറ്റിന്റെ ഫലമായി ഒറ്റപ്പെട്ട കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്. കോഴിക്കോട് തുടങ്ങിയ ജില്ലകള്‍ക്കാണ് മഞ്ഞ ജാഗ്രത നല്‍കിയത്.