ലക്‌നൗ: സമാജ് വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ മുലായം സിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള പോര്‍ മുറുകുമ്പോള്‍ യുപി രാഷ്ട്രീയത്തില്‍ ഒരാള്‍ കൂടി ശ്രദ്ധാ കേന്ദ്രമാകുന്നു.
മുലായത്തിന്റെ മരുമകളും രണ്ടാമത്തെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയുമായ അപര്‍ണ യാദവ് ഏത് വിഭാഗത്തോടൊപ്പം നില്‍കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ 235 സ്ഥാനാര്‍ഥികളുടെ പട്ടിക മുലായവും അഖിലേഷും പുറത്തിറക്കിയപ്പോള്‍ ലക്‌നോ കന്റോണ്‍മെന്റ് സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
ഈ സീറ്റ് അപര്‍ണക്ക് നല്‍കാനാണ് ഇരുവരുടെയും നീക്കമെന്നാണ് ലഭിക്കുന്ന വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്‌നോ കന്റോണ്‍മെന്റ് സീറ്റിലേക്ക് അപര്‍ണയെ മുലായം സിങ് പരിഗണിച്ചിരുന്നു.
മുന്‍ പി.സി.സി അധ്യക്ഷയും ഇപ്പോള്‍ ബി.ജെ.പി അംഗവുമായ റീത്ത ബഹുഗുണ ജോഷിയാണ് ഇവിടെ അപര്‍ണയുടെ എതിരാളിയായി മത്സരിച്ചത്.
അഖിലേഷും അമ്മാവന്‍ ശിവപാല്‍ യാദവും തമ്മിലുള്ള അധികാര വടംവലി എസ്.പിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ അപര്‍ണ ശിവപാല്‍ യാദവിന്റെ പക്ഷത്താണ്.
അഖിലേഷിനെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവമുഖത്തെ അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അപര്‍ണയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശിവപാലിന്റെ തന്ത്രത്തിന് പിന്നില്‍.
26കാരിയായ അപര്‍ണ യാദവ്, മുലായം കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തുന്ന 20മത്തെ ആളാണ്. മുലായത്തിന്റെ ശക്തി കേന്ദ്രങ്ങളായ ഇത്താവമെയിന്‍പുരിഫിറോസാബാദ് ബെല്‍റ്റില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ്.
കൂടാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അപര്‍ണ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സ്ത്രീ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇവര്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ഹാര്‍ഷ് ഫൗണ്ടേഷന്റെ ‘ബി അവെയ്ര്‍’ ക്യാംപെയ്‌ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്.
നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് അപര്‍ണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അപര്‍ണ പങ്കെടുത്തതും മുലായ പേരമകന്റെ വിവാഹവേളയില്‍ മോദിക്കൊപ്പം സെല്‍ഫി എടുത്തതും വലിയ വിവാദമായിരുന്നു.