രജപുത്രന്മാരും യാദവരും കുടിയന്മാരാണെന്ന് അധിക്ഷേപിച്ച മന്ത്രിക്ക് നേരെ ചീമുട്ടയേറ്

rajbhar

അലഹബാദ്: രജപുത്രന്മാരേയും യാദവരേയും കള്ളുകുടിയന്മാരാണെന്ന് അധിക്ഷേപിച്ച യുപി മന്ത്രിക്ക് നേരെ ചീമുട്ടയേറ്. മന്ത്രി ഓം പ്രകാശ് രാഭ്ഭറാണ് വിവാദ പ്രസ്താവന നടത്തിയത്. രജപുത്രന്മാര്‍ക്കും യാദവര്‍ക്കും മറ്റുള്ളവരേക്കാള്‍ മദ്യപാന ആസക്തി കൂടുതലാണെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം വാരണാസിയില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

‘താനുള്‍പ്പെടുന്ന രാജ്ഭര്‍ വിഭാഗക്കാരെയാണ് സമൂഹം കുടിയന്മാര്‍ എന്ന് വിളിക്കുന്നതെന്നും എന്നാല്‍ രജപുത്രന്മാരും യാദവരുമാണ് മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നും അവരുടെ പാരമ്പര്യ കച്ചവടം തന്നെ ഇതാണെന്നും’ അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ വിഭാഗക്കാരില്‍ ചിലരെങ്കിലും മദ്യപിക്കുന്നവരാണെന്ന് സമ്മതിക്കാനും മന്ത്രി മറന്നില്ല.

എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന രജപുത്ര, യാദവ സംഘടനകള്‍ മന്ത്രിയുടെ വീടിന് നേരെ തക്കാളിയും ചീമുട്ടയും വലിച്ചെറിയുകയും വീട്ടിലെ അഡ്രസ് ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. നേരത്തെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രകടനം മോശമാണെന്നും ആരെങ്കിലും മദ്യം വാഗ്ദാനം ചെയ്താല്‍ അത് വാങ്ങി കുടിച്ചിട്ട് സ്വന്തം ഇഷ്ടത്തിന് വോട്ട് ചെയ്യണമെന്നും മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

Top