ന്യുയോർക്ക്: 300 കോടി അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നിരുന്നതായി സമ്മതിച്ച് ഇന്റർനെറ്റ് കമ്പനി യാഹൂ.
2013ലെ വിവരമോഷണത്തിലാണ് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നിരുന്നതായി യാഹൂ അറിയിച്ചത്.
നേരത്തെ വെളിപ്പെടുത്തിയിരുന്നതിന്റെ മൂന്നിരട്ടിയാണ് ചോർന്നിട്ടുള്ളതെന്നാണു യാഹൂ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.
അക്കൗണ്ട് വിവരങ്ങൾ ചോർന്നതിനെതിരേ കോടതിയിൽ സമർപ്പിക്കപ്പെട്ട വ്യവഹാരങ്ങൾ പരിഗണിക്കുമ്പോഴാണ് യാഹൂ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
41 പേരാണ് യാഹുവിനെതിരേ യുഎസ് ഫെഡറൽ, സ്റ്റേറ്റ് കോടതികളെ സമീപിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വിലയ വിവര മോഷമാണ് നാലു വർഷം മുൻപ് ഉണ്ടായത് എന്ന് സൈബർ വിദഗ്ധർ പറയുന്നു.
2014 സെപ്റ്റംബറിലും യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുത്തിരുന്നു. 50 കോടി ആളുകളുടെ വിവരങ്ങളാണ് അന്ന് ഹാക്കർമാർ ശേഖരിച്ചത്.
ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 2013 ഓഗസ്റ്റിൽ നടന്ന ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.
ആളുകളുടെ പേരുകൾ, ഫോൺനമ്പറുകൾ, പാസ്വേർഡുകൾ ,ഇമെയിൽ വിവരങ്ങൾ, സുരക്ഷാ ചോദ്യങ്ങൾ എന്നിവ ഹാക്കർമാർ ചോർത്തിയതായി യാഹൂ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ യാഹൂവിന്റെ മുഖ്യ ബിസിനസുകൾ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വെറൈസണ്‍ സ്വന്തമാക്കിയിരുന്നു.
യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇമെയിൽ, സെർച്ച് എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇപ്പോൾ വെറൈസണിന്റെ കിഴിലാണ് പ്രവർത്തിക്കുന്നത്.