കാറുകള്‍ക്ക് ഫോര്‍മുല 1 റെയ്സ് പോലെ ബൈക്കുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയ്സ് ആണ് മോട്ടോജിപി. ഈ വര്‍ഷത്തെ മോട്ടോജിപി റെയ്സില്‍ ഫാബിയോ ക്വാര്‍ട്ടരാറോ, മാവെറിക് വിനാലെസ് എന്നീ റൈഡര്‍മാരുടെ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ യമഹയുടെ ടീം കണ്‍സ്ട്രക്ടര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതാണ്. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി റൈഡര്‍ ക്വാര്‍ട്ടരാറോ ഡ്രൈവര്‍ ചാമ്പ്യന്‍ഷിപ്പിലും മുന്നിട്ട് നില്‍ക്കുന്നു. ഈ രണ്ട് നേട്ടങ്ങളും ആഘോഷിക്കാന്‍ FZ 25 ബൈക്കിന്റെ മോട്ടോജിപി എഡിഷന്‍ യമഹ വിപണിയിലെത്തിച്ചു.
യമഹയുടെ റേസ് ബൈക്കുകള്‍ പോലെ കറുപ്പും നീലയും നിറങ്ങളുടെ ഡ്യുവല്‍ ടോണ്‍ ആണ് FZ 25 മോട്ടോജിപി എഡിഷന്റെ ആകര്‍ഷണം. പെട്രോള്‍ ടാങ്ക്, ടാങ്ക് ഷ്‌റോഡുകള്‍, സൈഡ് പാനലുകള്‍ എന്നിവിടങ്ങളില്‍ ടീമിന്റെ പ്രധാന സ്‌പോണ്‍സറായ മോണ്‍സ്റ്റര്‍ എനര്‍ജിയുടേയും മറ്റും ബ്രാന്‍ഡിംഗും ചേര്‍ത്തിട്ടുണ്ട്. 1,36,800 രൂപയാണ് FZ 25 മോട്ടോജിപി എഡിഷന്റെ എക്സ്-ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് യമഹ FZ 25നേക്കാള്‍ 2000 രൂപ കൂടുതലാണ് യമഹ FZ 25 മോട്ടോജിപി എഡിഷന്.
സ്റ്റാന്‍ഡേര്‍ഡ് യമഹ FZ 25യുമായി എന്‍ജിന്റെ കാര്യത്തിലോ, സൈക്കിള്‍ പാര്‍ട്‌സിന്റെ കാര്യത്തിലോ മോട്ടോജിപി എഡിഷന്‍ പതിപ്പിന് വ്യത്യാസം ഒന്നുമില്ല. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച 249 സിസി എയര്‍-കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ യമഹ FZ 25 ശ്രേണിയ്ക്ക്. 8000 ആര്‍പിഎമ്മില്‍ 20.5 ബിഎച്പി പവറും 6000 ആര്‍പിഎമ്മില്‍ 20.1 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ഇതോടൊപ്പം എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ട്യൂബ് ലെസ് ടയറുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയും FZ 25 ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സ്ട്രീറ്റ് ഫൈറ്റര്‍ മോഡല്‍ ആയ FZ 25-യുടെ ബോഡി പാനലുകള്‍ കൂടുതല്‍ ഷാര്‍പ് ആണ്. 2020ല്‍ പരിഷ്‌കരിച്ചെത്തിയപ്പോള്‍ റീഡിസൈന്‍ ചെയ്ത എന്‍ജിന്‍ കൗള്‍, കൂടുതല്‍ ഷാര്‍പ് ആയ ബിക്കിനി ഫെയറിങ്, നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. മോട്ടോജിപി എഡിഷന്‍ കൂടാതെ മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നിങ്ങനെ 2 നിറങ്ങളില്‍ യമഹ FZ 25 വാങ്ങാം.