ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ YZF R15 വേര്‍ഷന്‍ 3.0-യുടെ വില വര്‍ദ്ധിപ്പിച്ചു. 1,200 രൂപയാണ് കമ്പനി കൂട്ടിയത്. തണ്ടര്‍ ഗ്രേ നിറത്തിന് 1,54,094 രൂപ, ഡാര്‍ക്ക് നൈറ്റ് പതിപ്പിന് 1,56,210 രൂപ, റേസിംഗ് ബ്ലൂ നിറത്തിന് 1,55,202 എന്നിങ്ങനെയാണ് പുതിയ എക്സ്-ഷോറൂം വിലകള്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഡെല്‍റ്റബോക്സ് ഫ്രെയിം അടിസ്ഥാനമാക്കിയാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ ചക്രത്തിന് ടെലിസ്‌കോപിക് ഫോര്‍ക്കും, പുറകില്‍ ലിങ്ക് ടൈപ്പ് സസ്പെഷനും ആണ്. ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷകരിച്ച 155 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് ഈ ബൈക്കിന്റെ ഹൃദയം. 10,000 ആര്‍പിഎമ്മില്‍ 18.6 എച്ച്പി പവറും, 8,500 അര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. 6-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഹിബിറ്റര്‍ പുതിയ YZF R15 വേര്‍ഷന്‍ 3.0യില്‍ ഉണ്ട്. സൈഡ് സ്റ്റാന്‍ഡ് ഇട്ടിരിക്കുന്ന സമയത്ത് ഇഗ്‌നിഷന്‍ ഓണ്‍ ആവാതെ ക്രമീകരിക്കുന്ന സുരക്ഷാ സംവിധാനമാണിത്. 142 കിലോഗ്രാം ആണ് ആര്‍15 വേര്‍ഷന്‍ 3.0-യുടെ ഭാരം. ഇരട്ട ഹോണ്‍, പുറകില്‍ റേഡിയല്‍ ട്യൂബ്-ലെസ്സ് ടയര്‍ എന്നിവയും നല്‍കിയിരിക്കുന്നു.