യമഹ തങ്ങളുടെ NMAX 155 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഏകദേശം 1.62 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ വില. പുതിയ പതിപ്പ് സ്ഥാനം പിടിച്ചിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനും ടോപ്പ്-ഓഫ്-ലൈന്‍ കണക്റ്റുചെയ്ത എബിഎസ് വേരിയന്റിനും ഇടയിലാണ്. ബ്രാന്‍ഡ് 2021 എയറോക്‌സ് 155 പുറത്തിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ NMAX 155-യ്ക്ക് പുതിയ വേരിയന്റ് സമ്മാനിച്ചിരിക്കുന്നത്.
ലോക്കിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കീലെസ് ഇഗ്‌നിഷന്‍ എന്നിവ പോലുള്ള ടോപ്പ് മോഡലിന്റെ എല്ലാ ഫീച്ചറുകളും NMAX 155 ന്റെ പുതിയ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് പോലെ ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ നിര്‍മ്മാതാക്കള്‍ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. R15 V3-ഡിറൈവ്ഡ് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15.36 bhp കരുത്തും 13.9 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
കോമ്പാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. ബ്ലുടൂത്ത് കണക്ടിവിറ്റിയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 13 ഇഞ്ച് റിമ്മുകളുമായി വരുന്ന മോഡലിന്റെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. 1,955 mm നീളവും 740 mm വീതിയും 1,115 mm ഉയരവും 1,350 mm വീല്‍ബേസും 135 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. യമഹ NMAX 155 -ന് മുന്‍വശത്ത് ഒരു എല്‍ഇഡി ഹെഡ്ലൈറ്റ് ലഭിക്കുന്നു. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റി.
ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പടെ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ് പിന്‍ഭാഗത്തും ലഭിക്കുന്നത്. മുന്നിലെ ഗ്ലോവ് കമ്പാര്‍ട്ടുമെന്റിന്റെ മുകളില്‍ ഇടതുവശത്ത് ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും നിര്‍മ്മാതാക്കള്‍ ചേര്‍ത്തു. ഇന്ത്യൻ വിപണിയിൽ ഈ മോഡൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.