ഇന്ത്യൻ ഇരുചക്രവാഹന വ്യവസായം ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുകയാണ്. ഹീറോ , ഹോണ്ട , ടിവിഎസ്, ബജാജ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഇരുചക്രവാഹന നിർമ്മാതാക്കൾ രാജ്യത്തെ വിപണിക്കായി ഇലക്ട്രിക് ബൈക്കുകളുടെയും സ്‍കൂട്ടറുകളുടെയും ഒരു ശ്രേണി പുറത്തിറക്കാൻ തയ്യാറായിരിക്കുകണ്.
തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ പുതിയ നിയോ ഇ-സ്‌കൂട്ടറിനൊപ്പം ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യയും ഇവി ശ്രേണിയിൽ ചേരും എന്നാണ് പുതിയ റിപ്പോർട്ടുകൾ. യമഹ ഇന്ത്യ ചെയർമാൻ ഐഷിൻ ചിഹാന ഇക്കാര്യം വ്യക്തമാക്കിയതായി ബൈക്ക് ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയ്‌ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ പ്ലാറ്റ്‌ഫോമിന്റെ വിപുലമായ ടെസ്റ്റുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
തെർമൽ മാനേജ്‌മെന്റ് ടെസ്റ്റിംഗ് നടപടിക്രമത്തിന് കുറച്ച് സമയമെടുക്കും. അതുകൊണ്ടുതന്നെ ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് തുടക്കത്തിൽ രാജ്യത്ത് യമഹ നിയോ ഇലക്ട്രിക് സ്‌കൂട്ടർ ഇറക്കുമതി ചെയ്യും. വാഹനത്തിന്റെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഇന്ത്യൻ റൈഡിംഗ് സാഹചര്യങ്ങൾക്ക് അനുസൃതമായി റീട്യൂൺ ചെയ്യും. മത്സരാധിഷ്ഠിത വിലനിർണ്ണയം നേടുന്നതിന്, കമ്പനി പ്രാദേശിക വിതരണക്കാരെയും ഉപയോഗപ്പെടുത്തും. 2025 ഓടെ തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിലെത്തുമെന്ന് യമഹ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
50 സിസി സ്‍കൂട്ടറിന് തുല്യമായ യമഹ നിയോയ്ക്ക് ഏകദേശം 2kW പവർ നൽകുന്ന ഒരു ഹബ് മോട്ടോർ ഉണ്ട്. ഇ-സ്‍കൂട്ടറിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും ഉണ്ട്. 68 കിലോമീറ്റർ റേഞ്ചാണ് നിയോ വാഗ്‍ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. എൽഇഡി ലൈറ്റിംഗ്, സ്‍മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സ്‍മാർട്ട് കീ ഇന്റഗ്രേഷൻ, ടെലിസ്‌കോപ്പിക് ഫ്രണ്ട്, മോണോഷോക്ക് റിയർ സസ്‌പെൻഷനോടുകൂടിയ പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സീറ്റിനടിയിൽ 27 ലീറ്റർ സ്റ്റോറേജ് സ്‌പേസ് യമഹ ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു.