Yamaha R3 Indian Motorcycle of the year

ന്യുഡല്‍ഹി: ‘ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍'(ഐ മോടി) പുരസ്‌കാരം ജാപ്പനീസ് നിര്‍മാതാക്കളായ യമഹയുടെ ‘വൈ സെഡ് എഫ് – ആര്‍ ത്രി’ സ്വന്തമാക്കി.

രാജ്യത്തെ മുന്‍നിര ഓട്ടമൊബീല്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്ന വിധി നിര്‍ണയ സമിതി ഇത് എട്ടാം തവണയാണ് ‘ഐ മോടി’ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

പോയ വര്‍ഷത്തിനിടെ വില്‍പ്പനയ്‌ക്കെത്തിയ ഇരുചക്രവാഹനങ്ങളില്‍ നിന്നാണ് സമിതി അന്തിമ ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നു മോഡലുകള്‍ തിരഞ്ഞെടുത്തത്. യമഹ ‘വൈ സെഡ് എഫ് – ആര്‍ ത്രി’ക്കു പുറമെ ഹോണ്ട ‘സി ബി ആര്‍ 650 എഫ്’, ബെനെല്ലി ‘ടി എന്‍ ടി 300’ എന്നിവയും അവസാന റൗണ്ടിലെത്തി.

വില, ഇന്ധനക്ഷമത, രൂപകല്‍പ്പന, യാത്രാസുഖം, സുരക്ഷിതത്വം, പ്രകടനക്ഷമത, പ്രായോഗികത, സാങ്കേതിക മികവ് എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ സാഹചര്യങ്ങളോടുള്ള പൊരുത്തവും പരിഗണിച്ചായിരുന്നു ‘ഐ മോടി’യുടെ വിധിയെഴുത്ത്.

കഴിഞ്ഞ വര്‍ഷം യു എസ് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സനില്‍ നിന്നുള്ള ‘സ്ട്രീറ്റ് 750’ ആണ് ‘ഐ മോടി’ പുരസ്‌കാരത്തിന് അര്‍ഹമായത്. റോയല്‍ എന്‍ഫീല്‍ഡ് ‘കോണ്ടിനെന്റല്‍ ജി ടി’ (2014), കെ ടി എം ‘200 ഡ്യൂക്ക്’ (2013), ഹോണ്ട ‘സി ബി ആര്‍ 250 ആര്‍’ (2012) എന്നിവയാണ് അതിനു മുമ്പ് ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയവര്‍.

Top