ഫിലിപ്പൈന്‍സിലെ ഉപസ്ഥാപനത്തില്‍ നിന്നുള്ള യമഹ മോട്ടോറിന്റെ മൊത്തം ഉല്‍പ്പാദനം 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. ഫിലിപ്പൈന്‍സില്‍ വാഹന ഉല്‍പ്പാദനവും വില്‍പ്പനയും നടത്താന്‍ ലക്ഷ്യമിട്ടു പ്രാദേശിക ഗ്രൂപ് കമ്പനിയായി 2007 മേയിലാണു യമഹ മോട്ടോര്‍ ഫിലിപ്പൈന്‍സ്(വൈ എം പി എച്ച്) സ്ഥാപിതമായത്.
തുടര്‍ന്നു സെപ്റ്റംബറില്‍ ലാഗുണ പ്രവിശ്യയില്‍ കമ്പനി മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിനുള്ള താല്‍ക്കാലിക സൗകര്യവും ഏര്‍പ്പെടുത്തി. 105 – 125 സി സി എന്‍ജിനുള്ള ബൈക്കുകളായിരുന്നു തുടക്കത്തില്‍ ഫിലിപ്പൈന്‍സ് യമഹയുടെ ഉല്‍പ്പാദനം.
തുടര്‍ന്ന് ബടംഗാസ് പ്രവിശ്യയില്‍ വൈ എം പി എച്ച് പൂര്‍ണതോതിലുള്ള മോട്ടോര്‍ സൈക്കിള്‍ നിര്‍മാണശാല സ്ഥാപിച്ചു. 2008 സെപ്റ്റംബറോടെ വാഹന നിര്‍മാണം പൂര്‍ണമായും ലഗുണ പ്രവിശ്യയിലെ ശാലയില്‍ നിന്നു പുതിയ പ്ലാന്റിലേക്കു മാറ്റി.
സാമ്പത്തിക മേഖല മികച്ച വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ ഫിലിപ്പൈന്‍സില്‍ ഇരുചക്രവാഹന വില്‍പ്പനയിലും ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ട്. ഇക്കൊല്ലം 10,30,000 യൂണിറ്റാണു രാജ്യത്തു പ്രതീക്ഷിക്കുന്ന ഇരുചക്രവാഹന വില്‍പ്പന; 2015ലെ വില്‍പ്പനയെ അപേക്ഷിച്ച് 21% അധികമാണിത്.
ഇക്കൊല്ലം ഫിലിപ്പൈന്‍സ് വിപണിയില്‍ 2.60 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണു യമഹ പ്രതീക്ഷിക്കുന്നത്; മുന്‍വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 37% അധികമാണിത്.