പുത്തന്‍ ഫാസിനോയുമായി യമഹ; വിപണിയില്‍

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലായ ഫാസിനോ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച് വിപണിയില്‍ എത്തി. ഒരുമാസം മുമ്പ് വിര്‍ച്വല്‍ ലോഞ്ചിലൂടെ അവതരിപ്പിച്ച വാഹനമാണ് ഇപ്പോള്‍ നിരത്തില്‍ എത്തിയിരിക്കുന്നത്. നിലവിലുള്ള ഫാസിനോക്ക് പകരമാണ് പുതിയ ഹൈബ്രിഡ് വാഹനം എത്തുന്നത്. രണ്ട് വകഭേദങ്ങളില്‍ പുതിയ ഫാസിനോ ഹൈബ്രിഡ് ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 76,530 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

125 സിസി, എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 6,500 ആര്‍പിഎമ്മില്‍ 8.2 എച്ച്പിയും 5,500 ആര്‍പിഎമ്മില്‍ 10.3 എന്‍എം ടോര്‍ക്കും എഞ്ചിന്‍ സൃഷ്ടിക്കും. വാഹനത്തിലെ ഹൈബ്രിഡ് സംവിധാനം തന്നെയാണ് മുഖ്യ സവിശേഷത. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സിസ്റ്റമാണ് വാഹനത്തില്‍ ഹൈബ്രിഡ് സംവിധാനമായി മാറുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിക്കും. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ പല സമയത്തും ഈ സംവിധാനം യാത്രികനെ പിന്തുണയ്ക്കും. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും കയറ്റം കയറുമ്പോഴും ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുമ്പോഴുമെല്ലാം ഹൈബ്രിഡ് സംവിധാനം പ്രവര്‍ത്തനക്ഷമമാകും.

ബ്ലൂടൂത്ത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് മറ്റൊരു പ്രത്യേകത. പവര്‍ അസിസ്റ്റ് ഫംഗ്ഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ റൈഡറിന് അറിയിപ്പ് ലഭിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ആര്‍പിഎം കടന്നതിനുശേഷം സിസ്റ്റം പവര്‍ അസിസ്റ്റ് ഓഫ് ചെയ്യും. ഹൈബ്രിഡ് സംവിധാനം വന്നതോടെ ഫാസിനോക്ക് മൈലേജ് കൂടി. ഹൈവേയില്‍ 64.2 കിലോമീറ്റര്‍ ആണ് സ്‌കൂട്ടറിന്റെ ഇന്ധനക്ഷമത.

സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാര്‍ട്ട് എന്നിവ ഉള്‍പ്പെടെ സംവിധാനങ്ങളും സ്‌കൂട്ടറില്‍ ലഭിക്കും. എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമത കൂട്ടും. ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്‍, വി ആകൃതിയിലുള്ള ടെയില്‍ ലൈറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേര്‍ഷനിലാണ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റം എപ്പോഴാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വ്യക്തമാക്കും. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (യുബിഎസ്) സഹിതമാണ് മുന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്ക്. യമഹ കണക്റ്റ് എക്സ് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാധ്യമാണ്. ലൊക്കേറ്റ് മൈ വെഹിക്കിള്‍, ആന്‍സര്‍ ബാക്ക്, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് അലര്‍ട്ടുകള്‍ എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നതാണ് ആപ്പ്.

ബ്ലൂടൂത്ത് ഉള്ള ഡിജിറ്റല്‍ ഡാഷും പ്രത്യേകതയാണ്. യമഹ കണക്റ്റ് എക്‌സ് ആപ്പ് ഉപയോഗിച്ച്, ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാനും സ്‌കൂട്ടര്‍ കണ്ടെത്താനും റൈഡിങും പാര്‍ക്കിങ് ഹിസ്റ്ററിയും റെക്കോര്‍ഡ് ചെയ്യാനും കഴിയും. എന്നാല്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ആക്‌സസ് 125 എന്നിവയില്‍ ലഭിക്കുന്ന നാവിഗേഷന്‍ സംവിധാനം ഫാസിനോക്ക് ലഭിക്കില്ല.

ഷാസിയിലും ബോഡി വര്‍ക്കിലും മാറ്റങ്ങളില്ല. പുതുതായി സ്റ്റിക്കറുകള്‍ ചേര്‍ക്കുകയും പുതിയ നിറങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് പുതിയ വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക് തുടങ്ങി കൂള്‍ ബ്ലൂ മെറ്റാലിക് നിറങ്ങളും ലഭിക്കും. ഡ്രം വേരിയന്റിന് മുകളില്‍ പറഞ്ഞവയ്ക്ക് പുറമേ എല്ലോ കോക്‌ടെയില്‍ നിറങ്ങളും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ അവസാനത്തോടെ വാഹനം ഉപഭോക്താക്കളിലെത്തും. ഇതേ സാങ്കേതികവിദ്യ യമഹ റേ സെഡ്ആര്‍ 125 എഫ്ഐ സ്‌കൂട്ടറിലും നല്‍കാനാണ് കമ്പനിയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Top