ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററില്‍ കൂടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് ഇസ്‌ലാമിക് സ്റ്റേറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ഈമാസം നാലിനായിരുന്നു സംഭവം. നാലുവര്‍ഷമായി അദ്ദേഹം യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും സേവനം ചെയ്തിരുന്നു.
രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.