പോരാട്ടം തുടരുന്നു ; ഹൂതികള്‍ക്കെതിരായ നീക്കം യമന്‍ സൈന്യം ശക്തമാക്കി

യമന്‍: ഹൂതികള്‍ക്കെതിരായ നീക്കം യമന്‍ സൈന്യം ശക്തമാക്കി. കഴിഞ്ഞ ദിവസം യമന്‍ സൈന്യം നടത്തിയ മുന്നേറ്റത്തില്‍ സൗദ
പ്രവിശ്യയുടെ പ്രധാനഭാഗം ഹൂതികളില്‍ നിന്നും മോചിപ്പിച്ചു. സൗദയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ സഹായത്തോടെയാണ് സൈനിക നീക്കം നടത്തുന്നത്.

ഹൂതികളുടെ മുന്നേറ്റം തടയുന്നതിനായി പ്രത്യേകം തുടങ്ങിയതാണ് സൈനിക നീക്കം. ഇതിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് സൈനിക കേന്ദ്രമാണ് അറിയിച്ചത്. ആക്രമണത്തില്‍ ഹൂതികള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ഹൂതികളുടെ നിരവധി സൈനിക പോസ്റ്റുകളും ആയുധ ശേഖരങ്ങളും നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഹൂതികളുടെ ആയുധ ശേഖരണ വിതരണത്തിന് നേതൃത്വം നല്‍കിയിരുന്ന സായുധ സേനാ ഉപമേധാവി അലി ഹസ്സന്‍ ഉള്‍പ്പെടെ ഹൂതി കമാന്റോകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനിക നീക്കത്തിലൂടെ സൗദ, ഹജ്ജ ഗവര്‍ണറേറ്റിന്റെ നിയന്ത്രണമാണ് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഉത്തര, പശ്ചിമ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സൗദി അറേബ്യ കൂടുതല്‍ സൈന്യത്തെ അയച്ചത്.

സൗദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉള്‍പ്പടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഹൂതികള്‍ക്ക് സ്വാധീനമുണ്ട്. ഹജ്ജ മേഖലയിലും, യമനിലെ കേന്ദ്രങ്ങളിലും സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിംഗ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്.

ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂതിനേതാക്കള്‍ ഹൈറാന്‍ ജില്ലയിലാണ് കൊല്ലപ്പെട്ടത്.

Top