റിയാദ്: സന്ദര്‍ശകരുടെ ആധിക്യം മൂലം യാമ്പു പുഷ്മമേള ഏപ്രില്‍ 30 വരെ നീട്ടി. സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ ചെങ്കല്‍ തീര പട്ടണമായ യാമ്പുവില്‍ ഫെബ്രുവരി 15ന് ആരംഭിച്ച പുഷ്‌പോത്സവം കണ്‍നിറയെ കണ്ടാസ്വദിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് സമാപിക്കേണ്ടിയിരുന്ന മേളയാണ് 52 ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് റോയല്‍ കമ്മീഷന്‍ ‘എക്സ്’ അകൗണ്ടില്‍ അറിയിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മലയാളികളും വന്‍തോതിലെത്തി. ദശലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഇതിനകം യാമ്പു പുഷ്പമേള കാണാനെത്തിയതായി സംഘാടകര്‍ അറിയിച്ചു.
പൂക്കളുടെ വര്‍ണാഭമായ കാഴ്ചകള്‍ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാന്‍ കഴിയുംവിധമാണ് ഇത്തവണ സന്ദര്‍ശകര്‍ക്കുള്ള നടപ്പാതകള്‍ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീയുവാക്കളുടെ വര്‍ധിച്ച സാന്നിധ്യവും സജീവതയും മുമ്പത്തേക്കാള്‍ ഈ വര്‍ഷം പുഷ്പ മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തും വിദേശങ്ങളിലും പ്രശസ്തമായ കമ്പനികളുടെ വൈവിധ്യമാര്‍ന്ന പവലിയനുകളുണ്ട്. അവിടങ്ങളിലും സന്ദര്‍ശകരുടെ നല്ല തിരക്കാണ്. രുചിഭേദങ്ങളുടെ ഫുഡ് കോര്‍ട്ടിലും വൈകുന്നേരങ്ങളില്‍ സൗദി സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആളുകള്‍ ആസ്വദിക്കുന്നുണ്ട്.റീ സൈക്കിള്‍ ഗാര്‍ഡന്‍, ടെക്‌നോളജി ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോര്‍ണര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രാഫിക് സേഫ്റ്റി വില്ലേജ്, ഉല്ലാസകേന്ദ്രങ്ങള്‍, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാര്‍ക്കുകള്‍, പൂക്കള്‍ കൊണ്ട് നിര്‍മിച്ച കുന്നുകള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മുതല്‍ പുലര്‍ച്ചെ 2.30 വരെ മേള സന്ദര്‍ശിക്കാം. 11.50 റിയാലിന്റെ ഒറ്റടിക്കറ്റ് കൊണ്ട് എല്ലാ ദിവസവും മേളയില്‍ പ്രവേശിക്കാം. https://yanbuflowerfestival.com.sa/en എന്ന ലിങ്കില്‍നിന്ന് ടിക്കറ്റെടുക്കാം. രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
മൂന്ന് ലോക റെക്കോര്‍ഡുകള്‍ നേടിയ മേള ലോകശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കള്‍ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടിയത്. വിശാലമായ പൂപരവതാനിക്ക് മുമ്പ് രണ്ടു തവണ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയിരുന്നു. യാമ്പു- ജിദ്ദ ഹൈവേ റോഡിനോട് ചേര്‍ന്നുള്ള അല്‍ മുനാസബാത്ത് പാര്‍ക്കിലാണ് പുഷ്പമേള നടക്കുന്നത്.