റെയില്‍വെ ട്രാക്ക് മുറിച്ചുകടന്നാല്‍ ‘കാലന്‍’ തടയും; ബോധവത്കരണത്തിന്റെ പുതിയ വഴി

റെയില്‍വെ ട്രാക്കുകള്‍ മുറിച്ച് കടക്കുന്നത് അപകടം പിടിച്ച കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എളുപ്പം നോക്കി ഈ അപകടത്തിന് നേര്‍ക്ക് കണ്ണടയ്ക്കാനാണ് ഈ വഴി പ്രയോജനപ്പെടുത്തുന്നവര്‍ താല്‍പര്യപ്പെടുന്നത്. പല രീതിയിലുള്ള ബോധവത്കരണം നടത്തുകയും, പിഴ ഈടാക്കുകയും ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് പശ്ചിമ റെയില്‍വെ ഇതിനായി പുതിയ വഴി കണ്ടെത്തിയത്.

സാക്ഷാല്‍ മരണത്തിന്റെ ദേവനായ യമരാജനെ കളത്തില്‍ ഇറക്കിയാണ് പശ്ചിമ റെയില്‍വെ ബോധവത്കരണം നടത്തുന്നത്. ട്രാക്കില്‍ ഇറങ്ങുന്ന ആളുകളെ പൊക്കിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറ്റിവിടുന്ന യമരാജമന്റെ ചിത്രങ്ങള്‍ പശ്ചിമ റെയില്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചു.

ആളുകളെ റെയില്‍വെ ട്രാക്കില്‍ നടക്കുന്നതിന്റെ അപകടം ബോധിപ്പിക്കാനാണ് ഈ വഴി ഉപയോഗിച്ചതെന്ന് പശ്ചിമ റെയില്‍വെ ട്വീറ്റ് വ്യക്തമാക്കി. യാത്രക്കാരെ പാലവും, സബ്‌വേയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം, ട്വീറ്റ് വ്യക്തമാക്കി.

എന്തായാലും റെയില്‍വെയുടെ ‘കാലന്‍’ ഐഡിയ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ബെംഗളൂരു പോലീസും, ഗുര്‍ഗാവോണ്‍ ട്രാഫിക് പോലീസും റോഡ് സുരക്ഷയ്ക്കായി യമരാജന്റെ സഹായം തേടിയിരുന്നു.

Top