yamuna river floodplain damage

ന്യൂഡല്‍ഹി: യമുനാ നദീതീരത്തെ പരിസ്ഥിതി നാശത്തിന് കാരണം ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്ന് ശ്രീ ശ്രീ രവിശങ്കര്‍. യമുനാ നദീതീരത്ത് ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിനാണ് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണെന്നും അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നുമാണ് രവിശങ്കര്‍ പറയുന്നത്.

ഏതെങ്കിലും തരത്തിലുള്ള പിഴ ഒടുക്കേണ്ടതുണ്ടെങ്കില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ് നല്‍കേണ്ടത്. യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. യമുനാ നദിയെ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്നതായിരുന്നു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ ഇതിനുമുമ്പ് 27 നദികള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. 71 കോടി വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും നിരവധി തടാകങ്ങള്‍ ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് മൃതമായ ഒരു നദിയെ നശിപ്പിച്ചെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് രവിശങ്കര്‍ പറഞ്ഞു. പരിപാടി സംഘടിപ്പിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണിന്റേതടക്കം എല്ലാ വിധത്തിലുള്ള അനുമതികളും ആര്‍ട്ട് ഓഫ് ലിവിങ്ങിന് ലഭിച്ചിരുന്നു. ഒരു നിയമവും ലംഘിക്കാതിരുന്നിട്ടും തങ്ങളുടെ കയ്യില്‍നിന്ന് പിഴ ഈടാക്കിയത് എല്ലാ മാനദണ്ഡങ്ങള്‍ക്കും നീതിക്കും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം പഠനവിധേയമാക്കുന്നതിന് നീതിബോധമുള്ള എല്ലാ പ്രകൃതി സ്നേഹികളെയും താന്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2016-ലാണ് ആര്‍ട്ട് ഓഫ് ലിവിങ് യമുനാതീരത്ത് മൂന്നുദിവസത്തെ വന്‍ പരിപാടി നടത്തിയത്. ഒരേസമയം കാല്‍ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന ഭീമന്‍ സ്റ്റേജും ലക്ഷങ്ങള്‍ക്ക് അണിനിരക്കാനുള്ള സൗകര്യവും യമുനാ തീരത്ത് ഒരുക്കിയിരുന്നു. യമുനാതീരത്തെ ജൈവവൈവിധ്യങ്ങള്‍ക്ക് വലിയ കോട്ടംതട്ടുന്നതാണ് പരിപാടിയെന്ന് ആരോപണമുയര്‍ന്നിരുന്നു. c പുനഃസ്ഥാപിച്ചെടുക്കാന്‍ 100-120 കോടി രൂപ ആര്‍ട്ട് ഓഫ് ലിവിങ് നല്‍കണമെന്ന് നാലംഗസമിതി ആദ്യം ശുപാര്‍ശ ചെയ്തു. പിന്നീട് വിഷയം പഠിക്കാന്‍ എന്‍.ജി.ടി. ഏഴംഗസമിതിയെ നിയമിച്ചു.

ഡി.എന്‍.ഡി. മേല്‍പ്പാലം മുതല്‍ ബാരാപുള്ള അഴുക്കുചാല്‍ വരെയുള്ള യമുനാതീരം പൂര്‍ണമായും നശിപ്പിച്ചുവെന്നാണ് ഏഴംഗസമിതിയുടെ റിപ്പോര്‍ട്ട്. പരിപാടിനടന്ന പ്രദേശം മുഴുവന്‍ ഉറച്ചുപോയതായും കൃഷിയിറക്കാനോ സസ്യങ്ങള്‍ക്ക് വളരാനോ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. യമുനാതീരത്തിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ 42.02 കോടി വേണ്ടിവരുമെന്നും ഭൗതികമായ മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൈവവൈവിധ്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായ ഏഴംഗസമിതി കണ്ടെത്തിയിരുന്നു.

Top