യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ ഉടന്‍ വിപണിയിലെത്തും

ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനൊപ്പം യാരിസ് സെഡാന്റെ ഒരു ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ മോഡലും ബ്രാന്‍ഡ് ഉടന്‍ വില്‍പ്പനയ്ക്ക് എത്തും. നിലവില്‍ J, G, V, VX എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന യാരിസിന് 8.86 ലക്ഷം മുതല്‍ 14.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക് ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഹുഡ്, ഫോഗ് ലാമ്പുകള്‍ ബെസെലുകള്‍, ഒആര്‍വിഎമ്മുകള്‍ തുടങ്ങിയവ കറുത്ത നിറത്തില്‍ ഒരുങ്ങുന്നതിനാല്‍ വാഹനം കാഴ്ച്ചയില്‍ അതീവ മനോഹരമായിരിക്കും.

കൂടാതെ മെച്ചപ്പെട്ട സ്പോര്‍ട്ടി അപ്പീലിനായി ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ പുതുതായി രൂപകല്‍പ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളും അതോടൊപ്പം ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് അലങ്കരിക്കല്‍, ഡോര്‍ എഡ്ജ് ലൈറ്റിംഗ് എന്നിവയും സെഡാനില്‍ ഇടംപിടിക്കും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഏഴ് എയര്‍ബാഗുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിലെ മറ്റ് സവിശേഷതകള്‍. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ലാതെ ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ 1.5 ലിറ്റര്‍ ഡ്യുവല്‍ VVT-i നാല് സിലിണ്ടര്‍ ഇന്‍ലൈന്‍ DOHC പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും.

6,000 rpm-ല്‍ 106 bhp കരുത്തും 4,200 rpm-ല്‍ 140 Nm torque ഉം ഉത്പാദിപ്പിക്കാന്‍ യാരിസിന്റെ എഞ്ചിന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പാഡ്ലര്‍ ഷിഫ്റ്ററുകളുള്ള ഒരു സിവിടി എന്നിവയുമായി ടൊയോട്ട ജോടിയാക്കിയിരിക്കുന്നു. സി-സെഗ്മെന്റ് സെഡാന്റെ മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പ് 17.18 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. സിവിടിക്ക് 18.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്.

Top