ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ കുതിക്കുകയാണ്. ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണം യാഷ് രാജ് ഫിലിംസ് ഏറ്റെടുത്തതായി നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നീടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 14 കോടിയ്ക്ക് അടുത്ത് ഇതുവരെ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസം ചിത്രത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മിക്ക തിയേറ്ററിലും ഷോയുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ബോക്‌സ് ഓഫീസില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് കരുതപ്പെടുന്നത്.
ശനിയാഴ്ച മാത്രം ഒരുലക്ഷത്തില്‍ കൂടുതല്‍ പേരാണ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടി നായകനായ ഭ്രമയുഗം തിയേറ്ററുകളില്‍ എത്തിയിട്ട് പോലും ചിത്രത്തിന് കാര്യമായ ഇടിവ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.