ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി കുറിച്ചതിലൂടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ പതിനേഴാമത്തെ താരവും മൂന്നാമത്തെ മാത്രം ഓപ്പണറുമാണ് യശസ്വി. ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.
വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ്. 143 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 36 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(103), ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.
എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ രോഹിതും, യശ്വസിയും ഒന്നാം വിക്കറ്റിൽ അടിച്ചു കൂട്ടിയത് 229 റണ്‍സ്. വിൻഡീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമാണ് യശ്വസി ജയ്സ്വാൾ. 14 ഫോറുൾപ്പടെ 143 റണ്‍സുമായി രണ്ടാം ദിനത്തിലും ക്രീസിലുണ്ട് ഈ ഇരുപത്തിയൊന്നുകാരൻ.
The way Yashasvi Jaiswal Run back and hugged Rohit Sharma
Love you Yashasvi 💗#INDvsWI pic.twitter.com/AafeNrW3tv
— ƘɾíՏհղɑ ƓƲƤƬƛ (@sigmakrishna) July 13, 2023
വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററും ആദ്യ ഇന്ത്യന്‍ ഓപ്പണറുമെന്ന നേട്ടവും യശസ്വി ഇന്നലെ വിന്‍ഡീസിനെതിരായ സെഞ്ചുറിയിലൂടെ സ്വന്തമാക്കി. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയവരില്‍ അബ്ബാസ് അലി ബാഗ്(1959), സുരീന്ദര്‍ അമര്‍നാഥ്(1976), പ്രവീണ്‍ ആംറേ(1992), സൗരവ് ഗാംഗുലി(1996), വീരേന്ദര്‍ സെവാഗ്(2001), സുരേഷ് റെയ്ന(2010) എന്നിവരാണ് വിദേശത്ത് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
13 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ബാറ്റര്‍ വിദേശത്ത് അരങ്ങേറ്റ സെഞ്ചുറി നേടിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറിയുമായി ക്രീസിലുള്ള യശസ്വിയെ തേടി മറ്റൊരു അപൂര്‍വ റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്. അരങ്ങേറ്റ ടെസ്റ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് യശസ്വിയെ കാത്തിരിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 187 റണ്‍സടിച്ച ശിഖര്‍ ധവാന്റെ പേരിലാണ് നിലവിലുള്ള റെക്കോര്‍ഡ്.
57 റണ്‍സ് കൂടി നേടിയാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ വിദേശത്ത് ഇരട്ടസെഞ്ചുറിയെന്ന അപൂര്‍വ നേട്ടവും യശസ്വിക്ക് സ്വന്തമാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരത്തിലും ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള യശസ്വി ഐപിഎല്ലിലും സെഞ്ചുറി നേടിയിരുന്നു.
രോഹിത് പത്ത് ഫോറും രണ്ട് സിക്സുമായി 103 റണ്‍സെടുത്തു. പത്താം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത്തിനെ അലിക് അല്‍ത്താനസെ പുറത്താക്കി. രോഹിത് മടങ്ങിയതിന് പിന്നാലെ ശുഭ്മാൻ ഗില്ലും വീണെങ്കിലും വിരാട് കോലി ക്രീസിൽ എത്തിയതോടെ ഇന്ത്യ വീണ്ടും കുതിച്ചു. 36 റണ്‍സുമായി പുറത്താകാതെ ക്രീസിലുള്ള കോലി ടെസ്റ്റിൽ 8500 റണ്‍സെന്ന നാഴിക കല്ലും പിന്നിട്ടു.
Captain, Leader, Legend, Rohit Sharma.
A great in world cricket. pic.twitter.com/rqFTYNXzTT
— Johns. (@CricCrazyJohns) July 13, 2023
പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ യശസ്വിയും കോലിയും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ വിന്‍ഡീസ് സ്പിന്നര്‍മാരായ റഖീം കോണ്‍വാളും ജോമെല്‍ വാറിക്കനും ഇന്ത്യന്‍ ബാറ്റര്‍മാരെ അനായാസം സ്കോര്‍ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.