പനജി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗതി തന്നെയായിരിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും ഉണ്ടാകുകയെന്ന് ബിജെപി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി തോല്‍വി രുചിച്ചതിനെക്കുറിച്ചായിരുന്നു സിന്‍ഹ സൂചിപ്പിച്ചത്. ‘ഡിഫിക്കല്‍ട് ഡയലോഗ്’ എന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ശക്തമായ ഒന്നായിരുന്നു ചര്‍ച്ച. എന്നാല്‍ ഇവിടെ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം നിലവിലില്ല. നിലവിലെ സാഹചര്യം ആശങ്കയുണര്‍ത്തുന്നതാണ്. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കണം, മുന്‍കരുതലുകള്‍ എടുക്കണം. തുറന്ന ചര്‍ച്ചകളില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയെ വിട്ടുനല്‍കരുത്. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും സിന്‍ഹ പറഞ്ഞു.
ചര്‍ച്ചകള്‍ അവഗണിച്ചതാണ് 1977ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥയോട് പ്രതികരിച്ചത് എങ്ങനെയെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നതെന്നും സിന്‍ഹ പറഞ്ഞു.