സജീവ രാഷ്ട്രീയത്തിലേക്ക്, പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍: യശ്വന്ത് സിന്‍ഹ

പട്‌ന: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും മെച്ചപ്പെട്ട ബിഹാറിനെ സൃഷ്ടിക്കാനായി എന്‍.ഡി.എ. സര്‍ക്കാരിനെ താഴെയിറക്കുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്നും സിന്‍ഹ കുറച്ചുകാലം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് സിന്‍ഹ ബി.ജെ.പി. വിട്ടത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യ-വിദേശകാര്യ വകുപ്പുകള്‍ സിന്‍ഹ കൈകാര്യം ചെയ്തിരുന്നു. പിന്നീട് മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറി.

ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതില്‍ വിമുഖതയില്ലെന്നും സിന്‍ഹ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ താല്പര്യമുള്ള എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്-സിന്‍ഹ പറഞ്ഞു. തന്റെ പാര്‍ട്ടി ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മെച്ചപ്പെട്ട ബിഹാര്‍ സൃഷ്ടിക്കുന്നതിനു വേണ്ടി മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ പോരാടും- അദ്ദേഹം വ്യക്തമാക്കി.

Top