പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ല, ബി.ജെ.പി വിടുമെന്ന സൂചന നല്‍കി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പാര്‍ട്ടി വിടുമെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായി നിലപാടെടുത്ത ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

തന്റെ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പാര്‍ട്ടി നടപടിയെടുത്താല്‍ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം തുറന്നടിച്ചു.

മറ്റ് പാര്‍ട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കും. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നത്. അതിന് ഇത്തരത്തില്‍ വ്യക്തിപരമായല്ല മറുപടി പറയേണ്ടതെന്നും സിന്‍ഹ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന്റെ മാത്രം ഫലം നോക്കിയല്ല തന്റെ വിമര്‍ശനം. അഞ്ചോ ആറോ പാദങ്ങളായി സാമ്പത്തിക രംഗത്ത് മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 5.7 ആയിരുന്നുവെന്നും സിന്‍ഹ പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിലെ ഒരു പാദത്തിലെ വളര്‍ച്ച മാത്രം കണക്കിലെടുത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Top