‘കശ്മീര്‍ ചര്‍ച്ചകള്‍ക്കു കേന്ദ്രത്തിനു താത്പര്യമില്ല’, വീണ്ടും വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

ജമ്മു കശ്മീരില്‍ സമാധാനം പുലരണമെങ്കില്‍ കശ്മീരികളുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാകണമെന്നും നിലവിലെ ഭരണകൂടത്തിന് ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും ശയ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു കശ്മീര്‍ വിഷയത്തില്‍ സിന്‍ഹ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

സുരക്ഷാ സേനകളുടെ നിഴലില്‍ നാലു തലമുറകളായി കശ്മീരികള്‍ അനുഭവിക്കുകയാണ്. നിലവിലെ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഒന്നുംതന്നെ ചെയ്യുന്നില്ല. കശ്മീരികള്‍ നമ്മില്‍നിന്ന് ഒറ്റപ്പെട്ടതിനു കാരണം നമ്മുടെ പിഴവുകളാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചകളുടെ മാത്രം സാധ്യതയാണു മുന്നിലുള്ളത്. ആദ്യം കശ്മീരികളുമായും പിന്നീട് പാക്കിസ്ഥാനുമായും ഇന്ത്യ ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ ചര്‍ച്ചയ്ക്കു വിളിക്കേണ്ട കശ്മീരികളില്‍ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവാക്കള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, ബുദ്ധിജീവികള്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തണമെന്നും സിന്‍ഹ പറഞ്ഞു.

താഴ് വരയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിന്‍ഹ നിരീക്ഷിക്കുന്നു. തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകള്‍ കശ്മീര്‍ യുവാക്കളെ കഠിനഹൃദയരാക്കി. അവര്‍ ഭയത്തെ മറികടക്കാന്‍ പരിശീലിക്കുകയാണെന്നും വലിയ യുദ്ധങ്ങള്‍ക്ക് അവര്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ സര്‍ക്കാരിനെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും വിമര്‍ശിച്ച് സിന്‍ഹ രംഗത്തെത്തിയിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നു പറഞ്ഞ സിന്‍ഹ, സാമ്പത്തിക വ്യവസ്ഥ താറുമാറായി നില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി.

Top