യു.പിയില്‍ നിയമം നടപ്പാക്കാനിറങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ കുരിശിലേറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
നിലയ്ക്കലില്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ച യതീഷ് ചന്ദ്രക്കെതിരെ പാര്‍ലമെന്റില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പി നേതാവായ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നടപടി പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്.
ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിനെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസാക്കാന്‍ ഉദ്ദേശിച്ചാണ് ബിജെപി നേതാവിന്റെ നീക്കമെങ്കില്‍ അത് തുറന്നു പറയണം. കാരണം ദേശീയ തലത്തില്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനു വേണ്ടിയുള്ള നീക്കമായേ ഈ നടപടിയെ കാണാന്‍ കഴിയൂ.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
നിലയ്ക്കലില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭക്തരെ പമ്പയിലെത്തിച്ചതും സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി കൂടിയാണ്. പ്രളയം തകര്‍ത്ത പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്ന യാഥാര്‍ത്ഥ്യവും ഓര്‍ക്കണം.
മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ച സംഭവം ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ നിലയ്ക്കലില്‍ നിന്നും പ്രതിഷേധക്കാരെ പൊലീസിന് അടിച്ചോടിക്കേണ്ടിയ്‌ക്കേണ്ടിയും വന്നു. ഇതിനു ശേഷമാണ് യതീഷ് ചന്ദ്ര നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കപ്പെടുന്നത്.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് പറഞ്ഞാല്‍ അത് അനുസരിക്കാന്‍ എന്ത് ബാധ്യതയാണ് യതീഷ് ചന്ദ്രക്കുള്ളത് ? ഫെഡറല്‍ സംവിധാനം നില നില്‍ക്കുന്ന സംസ്ഥാനത്ത് തനിക്ക് വല്ലതും പറയാനുണ്ടെങ്കില്‍ മന്ത്രി സംസാരിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയോടൊ ചീഫ് സെക്രട്ടറിയോടൊ അല്ലെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയോടോ ആയിരുന്നു.
യതീഷ് ചന്ദ്രയല്ല നിലയ്ക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്ന കാര്യവും തിരിച്ചറിയണം. മന്ത്രിയുടെ വാഹനത്തിന് പമ്പയിലേക്ക് പോകാം എന്ന് പറഞ്ഞിട്ടും പ്രൈവറ്റ് വാഹനങ്ങള്‍ വിടാത്തത് മന്ത്രി ചോദ്യം ചെയ്തതിനാല്‍ മാത്രമാണ് ഉത്തരവാദിത്വം മന്ത്രി ഏല്‍ക്കുമോ എന്ന് യതീഷ് ചന്ദ്ര ചോദിച്ചത്.
അതില്‍ എന്താണ് തെറ്റ് ? ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ കേന്ദ്ര മന്ത്രിയുടെ വാക്ക് കേട്ട് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു എങ്കില്‍ വലിയ ഗതാഗതക്കുരുക്ക് തന്നെ പമ്പയില്‍ ഉണ്ടാവുമായിരുന്നു. കൊടുത്ത ഡ്യൂട്ടി കൃത്യമായി ചെയ്തതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രശസ്തി പത്രം നല്‍കിയ ഐ.പി.എസ് ഓഫീസറെയാണിപ്പോള്‍ നിങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത്.
കാവി രാഷ്ട്രീയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായാലും വ്യക്തിപരമായാലും ഇത്തരം പ്രതികാര നടപടികള്‍ വിലപ്പോവില്ലെന്ന് മാത്രം ഓര്‍ക്കുന്നത് നന്ന്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയോട് എന്തു ആവശ്യപ്പെട്ടു, അതിന് ലഭിച്ച മറുപടി എന്തായിരുന്നു എന്നൊക്കെ ഡിജിറ്റല്‍ തെളിവുകള്‍ ഇവിടെയുണ്ട്.
അവകാശ ലംഘന നോട്ടീസ് പരിഗണിക്കേണ്ട പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഈ യാഥാര്‍ത്ഥ്യങ്ങളും പരിഗണിക്കേണ്ടി വരും. ബി.ജെ.പി എം.പിമാര്‍ മാത്രമല്ല പ്രതിപക്ഷ എം.പിമാരും ഉള്‍പ്പെട്ടെ സമിതി ആയതിനാല്‍ ഏകപക്ഷീയമായ തീരുമാനം എന്തായാലും സാധ്യമാകില്ല.
ഡല്‍ഹിയിലേയ്ക്ക് കണ്ണും നട്ട് യതീഷ് ചന്ദ്രയുടെ രക്തത്തിനായി ദാഹിക്കുന്ന കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ തൊട്ടടുത്ത തമിഴ് നാട്ടിലെ കഴിഞ്ഞ കാല സംഭവങ്ങളും ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ടി.ആര്‍.ബാലുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക എതിരെ ഒരു നടപടിയും കേന്ദ്ര സര്‍ക്കാറിന് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തിരിച്ചറിയണം. പൊന്‍ രാധാകൃഷ്ണനെ പോലെ സഹമന്ത്രിയായിരുന്നില്ല കാബിനറ്റ് മന്ത്രി ആയിരുന്നു ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ ടി.ആര്‍.ബാലു. യു.പി.എ സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടി ആയിരുന്നു അക്കാലത്ത് ഡി.എം.കെ.
കേന്ദ്ര മന്ത്രി ആയാലും എം.പി ആയാലും നിയമം ലംഘിച്ചാല്‍, നിയമപാലകരെ തടസ്സപ്പെടുത്തിയാലും പൊലീസിനു അറസ്റ്റ് ചെയ്യാം. ഇക്കാര്യം ഉടന്‍ സ്പീക്കറെ അറിയിക്കണമെന്നു മാത്രമേയുള്ളൂ.
പൊന്‍ രാധാകൃഷ്ണന്‍ ഇടപെടാന്‍ ശ്രമിച്ച പോലെ എല്ലാ കേന്ദ്ര മന്ത്രിമാരും സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പിന്നെ എങ്ങനെയാണ് ഫെഡറല്‍ സംവിധാനം രാജ്യത്ത് നില നില്‍ക്കുക എന്നതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം.
ക്രമസമാധാന പാലനം സ്റ്റേറ്റിന്റെ വിഷയമാണ്. ഇവിടെ ഒരു ഭരണ കൂടമുണ്ട്. അതിന് നമ്മുടെ ഭരണഘടന നല്‍കുന്ന വലിയ അധികാരങ്ങളുമുണ്ട്. അത് പിണറായി മുഖ്യമന്ത്രി ആയാലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയാലും ഇനി സ്വപ്നത്തിലെങ്കിലും എ.എന്‍ രാധാകൃഷ്ണന്‍ തന്നെ മുഖ്യമന്ത്രി ആയാല്‍ പോലും അങ്ങനെ തന്നെ ആയിരിക്കും.
Express View