നിലയ്ക്കലേക്ക് യതീഷ് ചന്ദ്രക്ക് പകരം എസ്.പി പുഷ്ക്കരൻ . . .പുതിയ തന്ത്രം !

yatheesh

സംഘപരിവാര്‍ നേതാക്കളെ വിറപ്പിക്കുകയും കേന്ദ്ര മന്ത്രിയെ നിയമം ‘പഠിപ്പിക്കുകയും’ ചെയ്ത തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര 30 ന് നിലയ്ക്കലിലെ ചുമതല ഒഴിയും.

15 ദിവസം നല്‍കിയ ചുമതലയില്‍ തിളങ്ങിയ ശേഷമാണ് തിരിച്ച് തൃശൂരിലേക്ക് അദ്ദേഹം മടങ്ങുന്നത്. യതീഷ് ചന്ദ്രക്ക് പകരം നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്.പി പുഷ്‌ക്കരനാണ്.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന നിലയ്ക്കലില്‍ യുവ ഐ.പി.എസുകാരനെ മാറ്റി കണ്‍ഫേഡ് ഐ.പി.എസുകാരനെ നിയമിക്കുന്ന തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഡെപ്യൂട്ടേഷന്‍ മോഹവും, മറ്റ് പ്രമോഷന്‍ സാധ്യതകളും ഒന്നും തന്നെയില്ലാത്ത കണ്‍ഫേഡ് ഐ.പി.എസുകാരനെ പുതിയ സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം നിയമിച്ചത് കേന്ദ്ര ഭരണം ഉപയോഗിച്ച് യുവ ഐ.പി.എസുകാരെ വിരട്ടാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാനാണ്.

വീര പരിവേഷം ഒന്നും ഇല്ലെങ്കിലും ക്രമസമാധാന ചുമതലയില്‍ കഴിവു തെളിയിച്ച ഓഫീസറാണ് എസ്.പി പുഷ്‌ക്കരന്‍. സി.പി.എമ്മിനെ സംബന്ധിച്ച് ഏറെ വിശ്വസിക്കാവുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.

പ്രളയം ചാലക്കുടിയെ വിഴുങ്ങിയപ്പോള്‍ പാലത്തിന് അടിയില്‍ പൊലീസ് വാഹനത്തെ കണ്‍ട്രോള്‍ റൂമാക്കി അവിടെ തന്നെ കിടന്ന് സുരക്ഷാ ചുമതല ഏകോപിപ്പിച്ച ഉദ്യോഗസ്ഥനാണ് പുഷ്‌ക്കരന്‍.

ശബരിമലയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തുന്നത് നിലയ്ക്കല്‍ വഴി ആയതിനാല്‍ ഇവിടെ ഉണ്ടാകുന്ന പൊലീസ് നടപടികള്‍ ഏറെ നിര്‍ണ്ണായകമാണ്.

yatheesh chandra

പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യത്തോട് ഇപ്പോള്‍ ചുമതലയുള്ള യതീഷ് ചന്ദ്ര നിഷേധാത്മക നിലപാട് സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാറിനെയും അമ്പരപ്പിച്ചിരുന്നു.

യുവ ഐ.പി.എസുകാരനായ യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തന്നെ നേരിട്ട് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.

സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ പമ്പയില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെയും മറ്റും ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു കേന്ദ്ര മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ മാസ് ചോദ്യം.

ഇതിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.എന്‍ രാധാകൃഷ്ണന്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഒറ്റനോട്ടം കൊണ്ട് ശക്തമായ മറുപടി നല്‍കിയ യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വൈറലാണ്.

നിയമം നടപ്പാക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വ്വീസാണെന്ന് ചൂണ്ടിക്കാട്ടി നിശബ്ദരാക്കാനുള്ള നീക്കത്തെ തടയിടാന്‍ വേണ്ടി വന്നാല്‍ മറുതന്ത്രം പയറ്റാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

യുവ ഐ.പി.എസുകാര്‍ക്കൊപ്പം തന്നെ കൂടുതല്‍ കണ്‍ഫേഡ് ഐ.പി.എസുകാരെ നിയമിക്കാന്‍ എടുത്ത തീരുമാനത്തില്‍ നിന്നു തന്നെ സര്‍ക്കാറിന്റെ നിലപാടും വ്യക്തമാണ്.

സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കണ്‍ഫേഡ് ഐ.പി.എസുകാരെ നേരിട്ട് കളത്തിലിറക്കുകയും യുവ ഐ.പി.എസുകാരെ ബാരക്കില്‍ ഇരുത്തുകയും ചെയ്യുക എന്നതാണ് പുതിയ തന്ത്രമെന്നാണ് സൂചന.

സുപ്രീം കോടതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ആഗ്രഹിക്കുന്ന വിധി കിട്ടിയില്ലെങ്കില്‍ യുവതികള്‍ ശബരിമലയിലെത്തുമെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

തൃപ്തി ദേശായി ഉള്‍പ്പെടെ ഉള്ളവരുടെ ചരിത്രം തന്നെ വെല്ലുവിളി ഏറ്റെടുക്കുന്നതായതിനാല്‍ വീണ്ടും സംഘര്‍ഷ സാധ്യത പൊലീസ് മുന്നില്‍ കാണുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് കരുതല്‍ നടപടിയിലും ജാഗ്രത കാണിക്കുന്നത്.

യുവ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷന്‍ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയുമെന്നതിനാല്‍ ഒരു വിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഭീഷണിയെ ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്.

എന്നാല്‍ തലയില്‍ എന്നും തൊപ്പി ഇരിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത യതീഷ് ചന്ദ്രയെ പോലെയുള്ള മറുവിഭാഗം ഇനിയും ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന നിലപാടില്‍ തന്നെയാണ്. കാക്കി യൂണിഫോമിട്ടാല്‍ പിന്നെ കൊടിയുടെ നിറവും ജാതിയും മതവും ഒന്നും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് അവര്‍ തുറന്നടിക്കുന്നത്.

അതേസമയം, ശബരിമലയിലെ പൊലീസ് നടപടി മുന്‍ നിര്‍ത്തി ഡി.ജി.പിയുടെ ഒറീസയിലെ വീട്ടിലേക്കും പമ്പയില്‍ ചുമതലയുള്ള എസ്.പി ഹരിശങ്കറിന്റെ ഫ്‌ലാറ്റിലേക്കും എസ്.പി വിനോദ് കുമാറിന്റെ വീട്ടിലേക്കും സംഘപരിവാര്‍ മാര്‍ച്ച് നടത്തിയതില്‍ വലിയ കലിപ്പിലാണ് പൊലീസ് സേന.

സന്നിധാനത്ത് ചുമതലയുള്ള ഐ.ജി വിജയ് സാഖറെക്കും എസ്.പിമാരായ ശിവ വിക്രം, പ്രതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ സംഘപരിവാര്‍ സ്വീകരിച്ച നിലപാടുകളിലും കടുത്ത അതൃപ്തി പൊലീസ് സേനയില്‍ പുകയുന്നുണ്ട്.

സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലന്നും ഇനിയും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ തിരികെ വിളിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിലപാട്. 15 ദിവസമാണ് ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ശബരിമലയില്‍ ചുമതല നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top