യതീഷ് ചന്ദ്രയ്ക്ക് പിൻതുണ, ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ . . .

നിലയ്ക്കലില്‍ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച് സര്‍ക്കാറും സി.പി.എമ്മും രംഗത്ത്. നിയമം നടപ്പാക്കുക മാത്രമാണ് യതീഷ് ചന്ദ്ര ചെയ്യുന്നതെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യമാണെന്നതുമാണ് ഭരണപക്ഷ നിലപാട്.

യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പൊലീസ് ആസ്ഥാനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്നത് സംഘ പരിവാറിന്റെ വ്യാജ പ്രചരണമാണെന്നും 30ന് പകരം ഉദ്യോഗസ്ഥര്‍ വന്നതിനു ശേഷം മാത്രമേ യതീഷ് ചന്ദ്ര ഉള്‍പ്പെടെ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ശബരിമല വിടുകയൊള്ളൂവെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ശബരിമലയില്‍ ആരെ എവിടെ നിയമിക്കണമെന്നും എപ്പോള്‍ മാറ്റണമെന്നും തീരുമാനിക്കുന്നത് പൊലീസ് ആസ്ഥാനമാണെന്നും പ്രതിഷേധക്കാര്‍ അല്ലന്നുമാണ് സി.പി.എം നേതാക്കളും തുറന്നടിക്കുന്നത്. യതീഷ് ചന്ദ്ര ഉള്‍പ്പെടെ ഇപ്പോള്‍ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും 30 ന് മടങ്ങും എന്നത് അവരെ നിയമിച്ച ഉത്തരവില്‍ തന്നെ വ്യക്തമാക്കിയ കാര്യം അറിയാമായിരുന്നിട്ടും വ്യാജ പ്രചരണം നടത്തുന്നത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയാണെന്നാണ് സി.പി.എം ആരോപണം.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി ഉണ്ടെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിക്കേണ്ടന്ന നിലപാടിനാണ് പ്രതിപക്ഷമായ യു.ഡി.എഫിലും പ്രാമുഖ്യം.എന്നാല്‍ ബി.ജെ.പി പിടിച്ച കളം കൈക്കലാക്കാന്‍ നിയമസഭ സമ്മേളനത്തെ യു.ഡി.എഫ് എം.എല്‍.എമാര്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.

സര്‍ക്കാര്‍ ആകട്ടെ സഭക്കകത്തും പുറത്തും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പി.സി ജോര്‍ജിനെ ബി.ജെ.പിയുടെ നാവായി കണ്ട് പ്രതികരിക്കാനാണ് ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ലഭിച്ചിരിക്കുന്ന പാര്‍ട്ടി നിര്‍ദ്ദേശം.

ശബരിമല വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ കാര്യമാക്കാതെ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുമായും പൂര്‍ണ്ണമായി സര്‍ക്കാര്‍ സഹകരിക്കും.

സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതും മാന്യമായ പരിശോധനകള്‍ പൊലീസിന് നടത്താമെന്ന് പറഞ്ഞതും സുരക്ഷാ ചുമതലയുള്ള പൊലീസിനും വലിയ ആശ്വാസമായിട്ടുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമല സന്ദര്‍ശനത്തിനായി എത്തിയാല്‍ അവര്‍ക്ക് എങ്ങനെ സുരക്ഷിതമായി ദര്‍ശനം നടത്തി ഇറങ്ങാം എന്നുള്ള പ്ലാന്‍ അഡ്വക്കറ്റ് ജനറല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ഈ കവര്‍ വാങ്ങുമ്പോള്‍ പൊലീസിനെ വിശ്വസിക്കുന്നുവെന്നും ഉചിതമായി കൈകാര്യം ചെയ്യണമെന്നും കോടതി പരാമര്‍ശിച്ചതും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്ക് ഇപ്പോള്‍ വളരെ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം അധികൃതര്‍ കരുതുന്നത്. സുപ്രീം കോടതിയില്‍ നിന്നും ഒരു വ്യക്തത വരുന്നതുവരെ യുവതികളെ ദര്‍ശനത്തിന് പോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലന്ന് തന്നെയാണ് അവരുടെ നിലപാട്.

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top