ശബരിമല : അതൊരു ഒന്നൊന്നര വരവായിരുന്നു . . . നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയത് ശരിക്കും ഒരു സംഭവം തന്നെയായി.
രാത്രി നട അടയ്ക്കുന്നതിനു മുന്‍പായി സന്നിധാനത്തെത്താന്‍ പുറപ്പെട്ട യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും വഴിയിലുടനീളം അയ്യപ്പന്‍മാരുടെ തള്ളിക്കയറ്റമായിരുന്നു.
സന്നിധാനത്തെത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല സമീപ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ബഹളം. എന്തിനേറെ കേന്ദ്രസേന കമാന്‍ണ്ടോക്കും വേണമായിരുന്നു സാറിന്റെ കൂടെ ഒരു സെല്‍ഫി.
കേരള ചരിത്രത്തില്‍ ആദ്യമാണ് ഒരേ സമയം പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഇത്ര വേഗം ഒരു ഐ.പി.എസുകാരന്‍ പിടിച്ചു പറ്റുന്നതെന്ന് ഈ ദൃശ്യങ്ങള്‍ കണ്ട മാധ്യമ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.
നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിയമം ‘പഠിപ്പിച്ചതും’ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെ കൊണ്ട് സന്നിധാനത്ത് പോയി അന്നു തന്നെ തിരിച്ചു വരാമെന്ന് സത്യം ചെയ്യിച്ചതും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും യതീഷ് ചന്ദ്രക്ക് വീര പരിവേഷം നേടിക്കൊടുത്ത സംഭവങ്ങളാണ്.
നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഈ ഐ.പി.എസുകാരന്‍ നിരവധി പൊലീസ് ആക്ഷനുകള്‍ക്ക് സര്‍വ്വീസിലെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേതൃത്വം കൊടുത്ത വ്യക്തിയാണ്.
തൃശൂരില്‍ പ്രളയം ഉണ്ടായപ്പോള്‍ സാധാരണക്കാരനായി പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തും സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു.
നിലയ്ക്കലിലെ വിവാദത്തിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ ജാതീയമായും മതപരമായും തെറ്റായ പ്രചരണം നടത്തി യതീഷ് ചന്ദ്രയെ ആക്രമിച്ചവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി സന്നിധാനത്തെ അയ്യപ്പദര്‍ശനം.