മമ്മൂട്ടിയുടെ ‘യാത്ര’ തമിഴിലും തെലുങ്കിലും റിലീസിനെത്തുന്നു…

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ നോര്‍ത്ത് അമേരിക്ക ഒഴികെയുള്ള ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനിക്ക്. 5 കോടിക്ക് അടുത്ത തുകയ്ക്കാണ് ഓവര്‍സീസ് അവകാശം കൈമാറിയതെന്നാണ് സൂചന. തെലുങ്കിനു പുറമേ മലയാളത്തിലും തമിഴിലും ചിത്രം എത്തുമെന്ന് ഫാര്‍സ് ഫിലിം പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top