തെലുങ്ക് മണ്ണില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തി മമ്മുട്ടി യാത്ര തുടങ്ങി.നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം ആരംഭിച്ച ‘യാത്ര’ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. ആന്ധ്രയുടെ മണ്ണ് ഉഴുത് മറിച്ച് വൈ.എസ്.ആര്‍ നടത്തിയ ജനകീയയാത്ര തന്നെയാണ് സിനിമയിലെയും ഹൈലൈറ്റ്.
വൈ.എസ്.ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ശേഷം മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റിയിരുന്നു. തുടര്‍ന്ന് ജഗന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ച് കരുത്ത് കാട്ടി. ഇപ്പോള്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ജഗന്‍. മുഖ്യമന്ത്രി പദത്തിലേക്കുള്ള ജഗന്റെ യാത്രയാണ് സിനിമയിലൂടെ മമ്മുട്ടിയിപ്പോള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ സിനിമക്ക് ലഭിക്കുന്ന പോലത്തെ വരവേല്‍പ്പാണ് ഈ മമ്മുട്ടി സിനിമക്ക് തെലങ്ക് മണ്ണില്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയില്‍ രാജശേഖര റെഡ്ഡിക്ക് ജീവന്‍ പകരുന്ന മമ്മുട്ടിയും സംഘവും ത്രിവര്‍ണ്ണ പതാകയില്‍ കൈപത്തിക്ക് പകരം മുഷ്ടി അലേഖനം ചെയ്ത കൊടിയാണ് വീശുന്നത്.
അതേ സമയം കോണ്‍ഗ്രസ്സുകാര്‍ വൈ.എസ്.ആര്‍ തങ്ങളുടെ മുഖ്യമന്ത്രി ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടി ‘യാത്ര’യുടെ എഫക്ട് അനുകുലമാക്കാനും ഇതിനകം ശ്രമം തുടങ്ങിയിട്ടുണ്ട്.മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ തന്ത്രപരമായ പ്രചരണത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന. ഒറ്റക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്സ് കൈവിട്ട കളിയാണ് ആന്ധ്രയില്‍ കളിക്കുന്നത്.വൈ.എസ്.ആറിന് ജീവന്‍ പകര്‍ന്ന യാത്രയുടെ നേട്ടം സ്വന്തമാക്കാന്‍ വേണ്ടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സും പൊരിഞ്ഞ പോരാട്ടമാണ് സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്നത്. ഇതെല്ലാം കണ്ട് ഭരണപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടി നേതൃത്വം അന്തം വിട്ട് നില്‍ക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്കയിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ആന്ധ്രയുടെ തെരുവോരങ്ങളിലും ചൂടുള്ള ചര്‍ച്ച മമ്മുട്ടിയുടെ യാത്ര സിനിമ തന്നെ. ഒറ്റ സിനിമ കൊണ്ട് ആന്ധ്രയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ് മമ്മുക്ക.
പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പദവി മറന്ന് തെരുവില്‍ ഇറങ്ങിയ രാജശേഖര റെഡ്ഡിക്ക് ഇന്നും ആന്ധ്രയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം നിലനില്‍ക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതാണ് യാത്രയുടെ വമ്പന്‍ അരങ്ങേറ്റം. ടിക്കറ്റ് ലഭിക്കാത്ത പലയിടത്തും സംഘര്‍ഷാവസ്ഥ തന്നെയുണ്ടായി. പുലര്‍ച്ചെ തന്നെ ആദ്യ ഷോ ആരംഭിക്കേണ്ടി വന്നിരുന്നു.