ബെംഗളൂരു: വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയതിന്റെ പേരില്‍ 40കാരനായ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്.ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കുള്ള എയര്‍ ഏഷ്യ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്. വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും എയര്‍ ഏഷ്യ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിലാണ് സംഭവം. 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുന്നതിനിടെ ഇവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍കയറി പിടിക്കുകയുമായിരുന്നു. ഇയാള്‍ യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അധികൃതര്‍ പരാതിയും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എയര്‍ലൈന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മോശം പെരുമാറ്റമുണ്ടായ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്റെയും സുരക്ഷക്കാണ് പ്രഥമ പരിഗണന. തടസമില്ലാതെ വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.