വർഷങ്ങൾക്ക് ശേഷം സൗദിയുടെ വ്യോമപാതയിലൂടെ ഖത്തറിന്റെ വിമാനം

ദോഹ : വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ സഞ്ചാരം തുടങ്ങി. മൂന്നര വര്‍ഷത്തെ വിലക്കിന് ശേഷം ഇന്നലെ രാത്രി പ്രാദേശിക സമയം 8.45ന് ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെട്ട ക്യുആര്‍ 1365 ആണ് സൗദിയുടെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ യാത്രാ വിമാനം.

ഈ മാസം നാലിന് വൈകിട്ടാണു ഭിന്നതകള്‍ പരിഹരിച്ച് സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ തുറന്നത്. അഞ്ചിന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ അല്‍ ഉല കരാറില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രമടക്കമുള്ള ബന്ധം പുന:സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Top