ന്യൂഡല്‍ഹി :സംഘപരിവാറിന്റെ ഭീഷണിയെ ധീരമായി നേരിടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ആര്‍എസ്എസാണ് അക്രമം അഴിച്ചുവിടുന്നത്.
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനു നേരെ ആര്‍എസ്എസുകാര്‍ ബോംബെറിയുകയും ഒരു സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാഞ്ഞങ്ങാട്ട് സിപിഐ എംഎല്‍എ ഇ ചന്ദ്രശേഖരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംസ്ഥാന വ്യാപകമായി ആര്‍എസ്എസ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയാണ്. വളരെ ബോധപൂര്‍വമാണിത്.
ആര്‍എസ്എസിന്റെ തനിനിറമാണ് പുറത്തുവരുന്നത്. എന്നാല്‍, സിപിഐ എം ഇത്തരം പ്രകോപനങ്ങളെ ധീരമായി ചെറുക്കും. കുഴപ്പം ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു.